വനപാലകരുടെ പരിപാലനത്തില്‍ പൂര്‍ണ ആരോഗ്യവാനായി കുട്ടിക്കൊമ്പന്‍
നിലമ്പൂര്‍: വനപാലകരുടെ പരിപാലനത്തില്‍ ആരോഗ്യവാനായി കുട്ടിക്കൊമ്പന്‍. എടവണ്ണ റെയ്ഞ്ചിനുകീഴില്‍ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പന്തീരായിരം വനമേഖലയില്‍ മേലെ തോട്ടപ്പള്ളിയില്‍ നിന്നു അഞ്ച് കിലോമീറ്റര്‍ ഉള്ളിലായാണ് ആനക്കുട്ടിയെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. എടവണ്ണ റേഞ്ചില്‍ വാളാംതോട് മേലെ തോട്ടപ്പള്ളി വനത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയാനയെ രക്ഷപെടുത്തിയത്. തോടിനോട് ചേര്‍ന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
ആദിവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. പാറക്കെട്ടിനിടയില്‍ കുടുങ്ങി ദേഹത്ത് മുറിവുകളുണ്ടായി. ദിവസങ്ങളോളം പട്ടിണി കിടന്ന് അവശ നിലയിലാണ് വനപാലകര്‍ കുട്ടികൊമ്പനെ രക്ഷപ്പെടുത്തിയത്. എരഞ്ഞിമങ്ങാടുള്ള അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഓഫിസില്‍ വനപാലകരുടെ സംരക്ഷണത്തില്‍ കഴിയുന്നത്. തേക്കടി വന്യജീവി സങ്കേതത്തിലെ വെറ്ററിനറി ഡോ. അബ്ദുല്‍ ഫത്താഹിന്റെ നിര്‍ദേശപ്രകാരമാണ് മരുന്നുകളും മറ്റും നല്‍കുന്നത്. കരിക്കിന്‍വെള്ളം, പാല്‍, ഗ്ലൂക്കോസ്, ബേബി ഫുഡ് തുടങ്ങി ധാതുലവണങ്ങളടങ്ങിയ ഭക്ഷണമാണ് നല്‍കുന്നത്. പത്ത് ലിറ്ററിനും പതിനഞ്ച് ലിറ്ററിനുമിടയില്‍ വെള്ളമാണ് ഈ പ്രായത്തിലുള്ള ആനക്കുട്ടിക്ക് നല്‍കേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞു.
ആനക്കുട്ടി ആരോഗ്യനില പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ടെന്നും യാത്ര ചെയ്യാനുള്ള അവസ്ഥയായാല്‍ ഉടന്‍തന്നെ വനംവകുപ്പിന്റെ സംസ്ഥാനത്തെ നാല് സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നിലേക്ക് ഉന്നത വനപാലകരുടെ നിര്‍ദേശപ്രകാരം അയക്കും. വയനാട് മുത്തങ്ങ, തിരുവനന്തപുരം കോട്ടൂര്‍, പത്തനംതിട്ട കോന്നി, എറണാംകുളം കോടനാട് എന്നിവിടങ്ങളിലാണ് ആന സംരക്ഷണ കേന്ദ്രങ്ങളുള്ളത്. മൂന്നുമാസം പ്രായമേ ആനക്കുട്ടിക്കുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു. മുറിവുകളില്‍ അയോഡിന്‍ ഓയിന്റ്‌മെന്റ് പുരട്ടുന്നുണ്ട്. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി, ഗ്ലൂക്കോസ്, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവ ദ്രാവകരൂപത്തില്‍ കരിക്കിന്‍വെള്ളവും ചേര്‍ത്ത് നല്‍കിയാണ് ചികില്‍സ.
മൊത്തം 10 ലീറ്റര്‍ 12തവണകളായി ദിവസവും കുപ്പിയിലാക്കി നല്‍കിവരുന്നുണ്ട്. ആഹാരം കഴിച്ചാല്‍ അരമണിക്കൂര്‍ കുട്ടിക്കൊമ്പന്‍ ഉറങ്ങും. മരുന്നു നല്‍കുമ്പോള്‍മാത്രം അല്‍പ്പനേരം ഉറങ്ങുകയും പിന്നീട് ഉണരുമ്പോള്‍ വനപാലകരോടൊപ്പം കളിക്കാനും കുസൃതികാട്ടാനും കുട്ടിക്കൊമ്പന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. കുട്ടിക്കൊമ്പനെകാണാന്‍ ആളുകള്‍ ധാരാളമായി എത്തുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതി പരിഗണിച്ച് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്മയോടും മറ്റ് ആനകളോടുമൊപ്പം കളിച്ചു നടക്കുന്നതിനിടയിലാണ് കുട്ടിക്കൊമ്പന്‍ അപകടത്തില്‍ പെട്ടത്. ഫോറസ്റ്റര്‍ പി.എന്‍ സജിവന്‍, കെ.പി ഗോപിനാഥന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ.പി റിയാസ്, വാച്ചര്‍മാരായ പുല്ലഞ്ചേരി നാരായണന്‍കുട്ടി, പുറത്താനകുത്തി ജോയി എന്നിവരും ഡോക്ടറോടൊപ്പം കുട്ടിക്കൊമ്പന് പരിചാരകരായി ഉണ്ട്. ആനയെ ആനസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുംവരെ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."