മലബാര്‍ സിമന്റ്സ് അഴിമതി: വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിയാരോപണത്തെക്കുറിച്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷിക്കും. മുന്‍ വ്യവസായ മന്ത്രി എളമരം കരീമും വ്യവസായി വി.എം രാധാകൃഷ്ണനുമടക്കം ആറ് പേര് പ്രതിപ്പട്ടികയിലുണ്ടായേക്കും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും മലബാര്‍ സിമന്റ്സ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ പ്രതികളാകുമെന്നാണ് സൂചന. മലബാര്‍ സിമന്റ്സിലേക്കുള്ള അസംസ്കൃത വസ്തുക്കള്‍ വാങ്ങിയതില്‍ 2.7 കോടിയുടെ ക്രമക്കേട് ഉണ്ടായെന്നാണ് പരാതി. വിജിലന്‍സ് കേസെടുക്കാത്തിനെതുടര്ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിജിലന്‍സിന്റെ നടപടി. ഒരാഴ്ച്ചക്കകം അന്വേഷണം ആരംഭിച്ചില്ലെങ്കില്‍ വിജിലന്‍സ് ഡയറക്റ്റര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ഡി.വൈ.എസ്.പി സുകുമാരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് കേസ് അന്വേഷിക്കുക. മുന്‍ വ്യവസായ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എളമരം കരീം അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. ഈ കേസില്‍ നേരത്തെ വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിശദമായി അന്വേഷിക്കാന്‍ തയാറായില്ല. ഇതിനെത്തുടര്‍ന്നാണ് പരാതിക്കാരനായ ജോയ് കൈതാരം ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."