വനിതാ വികസന കോര്‍പറേഷന്‍ നിയമനങ്ങള്‍ പി.എസ്.സിക്ക്
തിരുവനന്തപുരം: കേരള വനിതാ വികസന കോര്‍പറേഷനിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന പുരാരേഖ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മൂന്നുപേരെ 10 വര്‍ഷം തികയുന്ന മുറയ്ക്ക് മാനുസ്‌ക്രിപ്റ്റ് ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബോയന്‍, നായിഡു, കോടങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കേരള സബോര്‍ഡിനേറ്റ് ജുഡിഷ്യറിയില്‍ 478 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 340 തസ്തികകള്‍ എല്‍.ഡി.സിയുടേതും 30 എണ്ണം ടൈപ്പിസ്റ്റിന്റേതുമാണ്. 2017ല്‍ സൃഷ്ടിച്ച 400 പൊലിസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍ 38 എണ്ണം ഹെഡ്‌കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) ആയും 19 എണ്ണം എ.എസ്.ഐ (ഡ്രൈവര്‍) തസ്തികയായും അപ്‌ഗ്രേഡ് ചെയ്യും.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിന് കീഴില്‍ 2003 ജൂണ്‍ 1ന് ശേഷം നിയമിതരായ 67 അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്ക് 2015 നവംബര്‍ 11 മുതല്‍ അംഗീകാരവും എ.ഐ.പി സ്‌കൂള്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ സേവനവേതന ആനുകൂല്യങ്ങളും നല്‍കാനും തീരുമാനിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (കിയാല്‍) സര്‍ക്കാരിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കാനും തീരുമാനിച്ചു. കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനം 1,500 കോടി രൂപയായി പുനര്‍നിശ്ചയിച്ച സാഹചര്യത്തിലാണിത്. സംസ്ഥാന ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ രേഖയും മന്ത്രിസഭ അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."