തനിക്ക് ഒരു രോഗവുമില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: തനിക്ക് മാരകരോഗം പിടിപെട്ടിരിക്കുകയാണെന്ന അഭ്യൂഹം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താന്‍ ആരോഗ്യവാനാണെന്നും ഒരു അസുഖവുമില്ലെന്നും ഷാ ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ അപവാദങ്ങള്‍ പടച്ചുവിട്ടിരുന്നു.
ഇതുമൂലം പലരും തന്റെ മരണത്തിന് ആശംസ നേരുക പോലുമുണ്ടായി. രാജ്യം കൊവിഡിനെതിരായ പോരാട്ടത്തിലായിരിക്കെ താന്‍ തന്റെ ജോലിയില്‍ വ്യാപൃതനാണെന്നും ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് ഈ ട്വീറ്റെന്നും ഷാ അറിയിച്ചു.
ഇത്തരം അപവാദ പ്രചാരണം തന്നെ കൂടുതല്‍ ശക്തനാക്കുകയേയുള്ളൂ. ഇത്തരക്കാര്‍ അവരുടെ പാട്ടിനു പോകണം. എന്നാല്‍ അവരോട് തനിക്ക് വെറുപ്പില്ല. ആരോഗ്യസ്ഥിതി അന്വേഷിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ഷാ ട്വീറ്റി. അമിത് ഷായ്ക്ക് അര്‍ബുദം ബാധിച്ചിരിക്കുകയാണെന്നും അതിനാലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാണാത്തതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതിനിടെ, ആഭ്യന്തരമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അപവാദം പ്രചരിപ്പിച്ച കുറ്റത്തിന് നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സ്‌പെഷല്‍ കമ്മിഷണര്‍ അജയ്കുമാര്‍ ടോമര്‍ അറിയിച്ചു. ഫിറോസ് ഖാന്‍, സര്‍ഫറാസ്, സജ്ജാദ് അലി, ഷീറാസ് ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.
ട്വിറ്ററില്‍ അമിത് ഷായുടെ പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കിയതിന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഐ.ഡി ഉപയോഗിച്ച് ഷായുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ഇവരെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."