ട്രെയിനിടിച്ച് തൊഴിലാളികള്‍ മരിച്ച സംഭവം: സര്‍ക്കാരിനെതിരേ പ്രതിപക്ഷം
ഭോപ്പാല്‍: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 16 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് നടന്നുപോകുന്നതിനിടെ പാളത്തില്‍ വിശ്രമിക്കുമ്പോള്‍ ട്രെയിന്‍ കയറി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. അവര്‍ യാത്രാ പാസിനായി രണ്ടാഴ്ച മുമ്പ് സംസ്ഥാന സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ അവഗണിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മധ്യപ്രദേശിലേക്ക് തിരിച്ചുവരാനായി അവര്‍ അപേക്ഷ നല്‍കിയിരുന്നതായി അപകടത്തില്‍ രക്ഷപ്പെട്ട തൊഴിലാളികളിലൊരാളായ ധീരേന്ദ്ര സിങ് പറയുന്ന വിഡിയോ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇവരെ കൊണ്ടുവരാന്‍ എന്തു തയാറെടുപ്പാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് നല്‍കാമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കളാണ് മരണത്തിനുത്തരവാദികളെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് രാമേശ്വര്‍ ശര്‍മ പ്രതികരിച്ചു. അതു കേട്ടാണ് തൊഴിലാളികള്‍ വീടുവിട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15നാണ് 20 അംഗ തൊഴിലാളി സംഘം ബദ്നാപുര്‍-കര്‍മാദ് സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് അപകടത്തില്‍ പെട്ടത്. 16 പേര് മരിക്കുകയും നാലുപേര്‍ രക്ഷപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."