കാന്‍സര്‍ സെന്ററിന്റെയും മേല്‍പാലങ്ങളുടെയും കാര്യത്തില്‍ നിരാശ
കൊച്ചി: ജില്ല ഏറെക്കാലമായി ഉന്നയിച്ചിരുന്ന ചില പ്രധാന ആവശ്യങ്ങളെ ബജറ്റില്‍ അവഗണിച്ചതില്‍ നിരാശ. അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വിഭാവനം ചെയ്ത കൊച്ചി കാന്‍സര്‍ സെന്ററിന് മാത്രമായി തുക വകയിരുത്താത്തതിലാണ് കാര്യമായ നിരാശ പടര്‍ന്നത്.
മധ്യകേരളത്തിലെ സാധാരണക്കാരായ അര്‍ബുദ രോഗികള്‍ ഏറെ പ്രയാസം സഹിച്ച് ചികില്‍സക്കായി തിരുവനന്തപുരത്ത് പോകേണ്ടിവരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അര്‍ബുദ ചികില്‍സക്കായി കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാല് ബജറ്റുകളിലായി അഞ്ചുകോടി വീതം ഈ പദ്ധതിക്ക് അനുവദിച്ചിരുന്നു.എന്നാല്‍, പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ കൊച്ചി കാന്‍സര്‍ സെന്ററിനായി തുകയൊന്നും അനുവദിച്ചില്ല.
പകരം, ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി ആയിരം കോടി അനുവദിച്ചതില്‍ നിന്ന് കാന്‍സര്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പണം കണ്ടെത്താമെന്ന വാഗ്ദാനം മാത്രമാണുള്ളത്.
ഈ ആയിരം കോടിയില്‍ 250 കോടി കോര്‍പസ് ഫണ്ടാണെന്നും അതില്‍ നിന്ന് കാന്‍സര്‍സെന്ററിന് തുക അനുവദിക്കുമെന്നുമാണ് വിശദീകരണം. ഇതില്‍ പക്ഷേ, വ്യക്തതയില്ല. ബജറ്റിന്റെ മറുപടി പ്രസംഗത്തിലെങ്കിലും കൊച്ചി കാന്‍സര്‍ സെന്ററിന് നിശ്ചിത തുക അനുവദിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഴിഞ്ഞ സര്‍ക്കാര്‍ വിഭാവനം ചെയ്ത വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളെയും ഈ ബജറ്റില്‍ അവഗണിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്ന് എറണാകുളത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ കടന്നുപോകാന്‍ കഴിയുന്നതായിരുന്നു ഈ പദ്ധതി.
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ആവശ്യമായ 500 കോടി രൂപ വകയിരുത്തിയപ്പോള്‍ അതിനനുബന്ധമായി നഗരത്തിലെ മറ്റ് പ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതിയും ബജറ്റില്‍ വിഭാവനം ചെയ്തിട്ടില്ല.
കാലവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കൊച്ചി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ ഏറ്റവും പ്രധാനമായി ഏറ്റെടുക്കേണ്ട കനാലുകളുടെ നവീകരണവും സംരക്ഷണവും മുന്‍നിര്‍ത്തിയുള്ള പദ്ധതിക്കും യാതൊന്നും നീക്കി വെച്ചിട്ടില്ല. കൊച്ചി നഗരത്തിന്റെ മാലിന്യ സംസ്‌കരണത്തിനുള്ള പുതിയ പ്ലാന്റിന് പ്രത്യേക പരിഗണന നല്‍കിയുമില്ല. തമ്മനം - പുല്ലേപ്പടി റോഡ് വികസനവും അവഗണിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."