കൊവിഡ്: കുടുംബത്തെ നിരീക്ഷണ ക്യാംപില്‍ നിന്നിറക്കിവിട്ടു, എം.എല്‍.എയും ആരോഗ്യവകുപ്പും ഇടപെട്ടു
ഇടുക്കി: കൊവിഡ് നിരീക്ഷണത്തിലായിരുന്ന നാലംഗ കുടുംബത്തെ പഞ്ചായത്തിന്റെ നിരീക്ഷണ ക്യാംപില്‍ നിന്ന് ഇറക്കി വിട്ടു. ഇടുക്കി ദേവികുളത്താണ് സംഭവം. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാത്തതിനാല്‍ ഇവരെ വീട്ടിലേക്ക് നാട്ടുകാര്‍ തിരികെ പ്രവേശിപ്പിച്ചില്ല. പെരുവഴിയിലായ കുടുംബത്തെ എം.എല്‍.എയും ആരോഗ്യവകുപ്പും ഇടപെട്ട് വീണ്ടും ക്യാംപിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ദേവികുളം ഗൂഡാര്‍വിള സ്വദേശിയായ സിദ്ധാര്‍ത്ഥ് തിരുപ്പൂരില്‍ നിന്ന് നാട്ടിലെത്തിയത്. നോര്‍ക്ക വഴി വന്ന ഇയാള്‍ നിരീക്ഷണ ക്യാംപിലേക്ക് പോകാതെ നേരെ വീട്ടിലെത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പരാതിയുമായി ആരോഗ്യവകുപ്പിനെ സമീപിച്ചു. പിന്നാലെ സിദ്ധാര്‍ത്ഥിനെയും കുടുംബത്തെയും പഞ്ചായത്തിന്റെ നിരീക്ഷണ ക്യാംപിലേക്ക് മാറ്റി.
രോഗലക്ഷണങ്ങളില്ലെന്ന് അറിയിച്ച് സിദ്ധാര്‍ത്ഥിനെയും കുടുംബത്തെയും വൈകാതെ ക്യാംപില്‍ നിന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് മടക്കി. എന്നാല്‍, എസ്റ്റേറ്റ് കവാടത്തില്‍ നാട്ടുകാര്‍ കുടുംബത്തെ തടയുകയായിരുന്നു. ഇതോടെ ഇവരെ ഇറക്കി ആംബുലന്‍സ് മടങ്ങി. ആറ് മണിക്കൂറോളം കുടുംബം പെരുവഴിയിലിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും എത്തി. പിന്നീട് ഇവരെ ഗൂഡാര്‍വിള എസ്റ്റേറ്റിന്റെ ക്വാര്‍ട്ടേഴ്സില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."