സിറിയയില്‍ വിമതകേന്ദ്രത്തില്‍ ശക്തമായ ആക്രമണം; ആയിരങ്ങള്‍ പലായനം ചെയ്തു
ദമസ്കസ്: സിറിയയിലെ വിമതകേന്ദ്രമായ ദേരായില്‍ സര്‍ക്കാര്‍ പിന്തുണയോടെയുള്ള സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് നിരവധിപേര്‍ പലായനം ചെയ്തു. 2,500 പേര് ദേരായില്‍ നിന്ന് പലായനം ചെയ്തെന്നാണ് യു.എന്‍ കണക്ക്. എന്നാല്‍ 12,500 പേര് പലായനം ചെയ്തതായി സന്നദ്ധസംഘടനകള്‍ അറിയിച്ചു. ജോര്‍ദാന്‍, ഇസ്റാഈല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ എന്നിവയുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശമാണ് ദേരാ.
സര്‍ക്കാരിനും വിമതര്‍ക്കുമിടയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ദേരായെ സമാധാനപ്രദേശമായി പരിഗണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മുതലാണ് മേഖലയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായത്. വിമതര്‍ക്ക് യു.എസിന്റെ പിന്തുണയുണ്ട്. രണ്ടു ദിവസമായി ദേരായുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ ആക്രമണങ്ങളാണ് വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ നടക്കുന്നതെന്നും ഇതിനിടെയാണ് 12,500 പേര് പലായനം ചെയ്തതെന്നും മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു.
സൈന്യം ശക്തമായ വ്യോമാക്രമണം നടത്തുകയാണെന്നും ചുരുങ്ങിയത് എട്ട് സാധാരണക്കാരും ആറ് വിമതരും കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു. ജോര്‍ദാന്‍ അതിര്ത്തിയേട് ചേര്‍ന്നുള്ള പ്രദേശത്തേക്കാണ് ആളുകള്‍ പലായനം ചെയ്യുന്നത്. ഇവിടെ ഇതുവരെ ആക്രമണം ആരംഭിച്ചിട്ടില്ല. അല്‍ ഖാഇദയുമായി ബന്ധമുള്ള സംഘടനയുടെ നിയന്ത്രണത്തിലും അല്ഹൈറാക്കിലും ബുസ്റാ അല്‍ ഹരീരിയിലുമാണ് സര്‍ക്കാര്‍ ആക്രമണം നടത്തുന്നതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സിറിയ വീണ്ടും ശക്തമായ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. 2011 മുതല്‍ ഇവിടെ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 350,000 പേര് കൊല്ലപ്പെട്ടു. 11 മില്യന്‍ ജനങ്ങള്‍ പലായനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."