യുഎഇയിൽ കുടുങ്ങിയ നൂറിലധികം ഗോവക്കാരെ നാട്ടിലെത്തിക്കാൻ നടപടി വേണം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഇടപെട്ടു
അബുദാബി: യുഎഇയിൽ കുടുങ്ങിയ നൂറിലധികം ഗോവക്കാരെ നാട്ടിലേക്കയക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഇടപെട്ടു. യുഎഇയിൽ നിന്ന് ഗോവയിലേക്ക് വിമാനം വേണമെന്നും സംസ്ഥാന സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ലെന്നും അവരെ ഉടൻ നാട്ടിലേക്ക് എത്തിക്കാൻ ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംഘത്തിന് വേണ്ടി ഗോവൻ വംശജനായ സയ്യിദ് ഇമ്രാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സുമായി ബന്ധപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ഗോവയിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർ പലരും ജോലി നഷ്ടപ്പെട്ടതിനാൽ നിരാശാജനകമായ അവസ്ഥയിലാണെന്നും അവരെ നാട്ടിലെത്തിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ഐ ഒ സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ഗോവ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദിഗംബർ കാമത്തുമായി ടെലിഫോണിൽ സംസാരിച്ചു . വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് യു എ ഇ യിൽ നിന്നും ഗോവയിലേക്ക് വിമാനം ഏർപ്പെടുത്താൻ നടപടികൾ സ്വീകരിക്കാമെന്ന് ദിഗംബർ കാമത്ത് അറിയിച്ചു . ഗോവയിൽ കുടുങ്ങിക്കിടക്കുന്ന വിദേശ വിനോദ സഞ്ചാരികൾക്കായി മടക്കിക്കൊണ്ടുപോകാനുള്ള വിമാനത്തിനായി ദബോലിം വിമാനത്താവളം തുറന്നുകൊടുത്തിരുന്നുവെന്നും ആ സാഹചര്യത്തിൽ സർക്കാർ അവരെ സഹായിച്ചിട്ടുണ്ടെന്നും അതിനാൽ യു എ ഇ യിൽനിന്നുള്ള ഗോവക്കാർക്കും സർക്കാർ അതേ സഹായവും പരിഗണനയും നൽകി അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യമുന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചതായി മൻസൂർ പള്ളൂർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."