HOME
DETAILS
MAL
ആലുവ ത്വരീഖതിന്റെ ആസ്ഥാനത്ത് സ്വത്ത് തര്‍ക്കം
backup
May 11 2020 | 03:05 AM
കൊച്ചി: ആലുവ ത്വരീഖത് എന്ന പേരിലുള്ള വ്യാജ ത്വരീഖതിന്റെ ആസ്ഥാനത്ത് യൂസുഫ് സുല്‍ത്താന്റെ പിന്‍ഗാമികള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം കൈയ്യാങ്കളിയിലെത്തി. വ്യാജ ത്വരീഖതിന്റെ സ്ഥാപകന്‍ യൂസുഫ് സുല്‍ത്താന്റെ മരണശേഷം മകന്‍ നിസാമുദ്ദീന്‍ സുല്‍ത്താനെയാണ് പിന്‍ഗാമിയായി അവരോധിച്ചത്.
2019 ജനുവരി 25 നാണ് യൂസുഫ് സുല്‍ത്താന്‍ മരണമടഞ്ഞത്. രണ്ടു ഭാര്യമാരിലായി ഏഴ് മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇപ്പോള്‍ സ്ഥാനമേറ്റിരിക്കുന്ന നിസാമുദ്ദീന്‍ സുല്‍ത്താന്‍ മറ്റ് മക്കള്‍ക്ക് സ്വത്തില്‍ അവകാശം നല്‍കാതെ കബളിപ്പിക്കുകയാണെന്നാണ് ആരോപണം.
സ്വത്തില്‍ അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് തങ്ങളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടി നിസാമുദ്ദീനെതിരെ രണ്ട് സഹോദരിമാരാണ് പരാതിയുമായി പൊലിസിനെ സമീപിച്ചിരിക്കുന്നത്.
മലപ്പുറം പടപ്പറമ്പ് സ്വദേശി ഹര്‍ഷദ് മുഖ്താറിന്റെ ഭാര്യ ലൈല സുല്‍ത്താന്‍, ഫാത്തിമ സുല്‍ത്താന്‍ എന്നിവരാണ് പരാതിക്കാര്‍. പിതാവിന്റെ സ്വത്തില്‍ അവകാശം ചോദിച്ചത്തിന്റെ പേരില്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൂടെയുണ്ടായിരുന്ന മാതാവിന്റെ കൈകള്‍ പിടിച്ചു തിരിക്കുകയും മുഖത്തടിച്ച ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ലൈല സുല്‍ത്താന്റെ പരാതിയില്‍ പറയുന്നു.
ഈ സംഭവത്തില്‍ ഗുണ്ടാസംഘത്തില്‍ പെട്ട മുബീന്‍(25), ആശി(25), അബ്ദുറഊഫ് (28), സിയാദ് (24), ശിനാസ് (29) എന്നിവര്‍ക്കെതിരേയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യൂസുഫ് സുല്‍ത്താന്റെ രണ്ടാം ഭാര്യയിലെ മകളാണ് ലൈല. ആലുവയിലെ തഖ്ദീസ് ആശുപത്രിയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകള്‍ മരണപ്പെട്ട യൂസുഫ് സുല്‍ത്താന്റെ പേരില്‍ ഉള്ളതായാണ് വിവരം. കൂടാതെ വിലപിടിപ്പുള്ള നിരവധി ആഡംബര വാഹങ്ങളും സ്വന്തമായുണ്ട്.
ഇവ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ നിസാമുദ്ദീന്‍ സുല്‍ത്താന്‍ ശ്രമം നടത്തുകയാണെന്നാണ് മറ്റ് സഹോദരങ്ങളുടെ പരാതിയില്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയതെങ്കിലും രാഷ്ട്രീയ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലെ നിസാമുദ്ദീന്റെ ഉന്നതതല ബന്ധങ്ങളുടെ മറവില്‍ കാര്യമായ അന്വേഷണം നടത്താന്‍ പൊലിസ് തയാറാകുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.
ഇതെതുടര്‍ന്ന് ആലുവ ദേശത്തുള്ള ആസ്ഥാന കേന്ദ്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്കേറ്റം പലതവണ കൈയ്യാങ്കളിയിലെത്തി. ഇത്തരം സംഭവങ്ങള്‍ പൊലിസ് ഇടപെട്ട് തല്‍ക്കാലത്തേക്ക് ശാന്തമാക്കുകയാണ് പതിവ്. സ്വത്തില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ പരാതിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."