അപകടാവസ്ഥയിലായ തൂക്കുപാലം നവീകരിച്ചു
ഈരാറ്റുപേട്ട : ഇല്ലിക്കുന്ന് നിവാസികള്‍ക്ക് മറുകരയെത്തുവാനുള്ള ഏകമാര്‍ഗമായ തൂക്കുപാലം നവീകരിച്ചു. തലനാട് തീക്കോയി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇല്ലിക്കുന്ന് തൂക്കുപാലമാണ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയത്.
മീനച്ചിലാറിന്റെ പോഷകനദിയായ അടുക്കം ആറിന് കുറുകെയാണ് തൂക്കുപാലം സ്ഥിതിചെയ്യുന്നത്. 100 വര്‍ഷത്തോളം പഴക്കമുള്ള അപകടാവസ്ഥയിലായിരുന്ന തടികൊണ്ടുള്ള തൂക്കുപാലം തീക്കോയി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്. അടിയിലെ ദ്രവിച്ച പലകകള്‍ മാറ്റി പകരം ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് ബലവത്താക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നെത്തിയ തീക്കോയി റബ്ബര്‍ എസ്‌റ്റേറ്റ് സൂപ്രണ്ട് ആര്‍ലി സായിപ്പ് ഇരുകരകളിലായി കിടക്കുന്ന തോട്ടം കാണുന്നതിനും തൊഴിലാളികള്‍ക്ക് സഞ്ചരിക്കാനുമായി നാല് തൂക്കുപാലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. കാലപ്പഴക്കത്താല്‍ മൂന്ന് തൂക്കുപാലങ്ങള്‍ നശിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇല്ലിക്കുന്ന് തൂക്കുപാലം കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിച്ചു പോന്നു. നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലേയ്ക്കും നൂറിലേറെ കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്നതാണ് തൂക്കുപാലം. തടിപലകകളും കമ്പിവടവും കൊണ്ട് നിര്‍മ്മിച്ച ഈ പാലത്തിലൂടെ വിദ്യാര്‍ത്ഥികളടക്കമുള്ള പ്രദേശവാസികള്‍ ഭീതിയോടെയാണ് സഞ്ചരിച്ചിരുന്നത്.
നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള റോഡിന്റെ അരികിലാണ് ഈ തൂക്കുപാലം സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഓര്‍മ്മപുതുക്കുന്ന തൂക്കുപാലത്തെ വിനോദ സഞ്ചാരവുമായി കോര്‍ത്തിണക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."