ഇരുന്നൂറോളം ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയെന്ന് പി.കെ ബിജു എം.പി
പാലക്കാട്: ജനങ്ങളുടെ പ്രശ്‌നം എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് പി.കെ. ബിജു എം.പി. രാഷ്ട്രീയ ആക്ഷേപം സ്വാഭാവികമാണ്. തൃശൂര്‍, പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായും എം.പി. പറഞ്ഞു. എം.പി. എന്ന നിലയില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തനം വിവരിക്കുന്ന റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ 242.27 കോടി ചെലവാക്കി. കുടിവെളള പദ്ധതികള്‍ക്കായി 13.01 കോടി രൂപയും റോഡ് വികസനത്തിനായി 7.41 കോടിയും അനുവദിച്ചു. 200 ഓളം ചെറുകിട കുടിവെളള പദ്ധതികളാണ് നടപ്പിലാക്കിയത്. ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 179 സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. വാളയാര്‍വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയായി. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുളള പണികളാണ് ഇനി പൂര്‍ത്തീകരിക്കാനുളളത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്.
നെന്മാറ പോസ്‌റ്റോഫീസ് കേന്ദ്രീകരിച്ച് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിച്ചു. മണ്ഡലത്തിലെ 33 ഗ്രാമ പഞ്ചായത്തുകളും ചിറ്റൂര്‍തത്തമംഗലം നഗരസഭയും നെന്മാറ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പരിധിയില്‍ വരും. അമൃത എക്‌സ്പ്രസിന് കൊല്ലങ്കോട് സ്‌റ്റോപ്പ് അനുവദിക്കുന്നതിനും പരിശ്രമിച്ചു.
എ.എന്‍.എച്ച്.എം., ആയുഷ് ഫണ്ട്, നബാര്‍ഡ് ഫണ്ട്, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട്, എംപി. ഫണ്ട് എന്നിവ പ്രകാരമുളള 139.80 കോടി രൂപ ഉപയോഗിച്ച് ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം നടപ്പിലാക്കി. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേ യൂണിറ്റിനൊപ്പം കമ്പ്യൂട്ടറൈസ്ഡ് സൗകര്യം, പറമ്പിക്കുളം പി.എച്ച്.സിക്കു മുകളില്‍ ഹാള്‍ നിര്‍മാണം, മുറ്റം ടൈല്‍ വിരിക്കല്‍, മണ്ഡലത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കാത്ത്‌ലാബ്, കാര്‍ഡിയോ തൊറാസിക് സര്‍ജറി യൂണിറ്റ് തുടങ്ങിയവ ആരംഭിച്ചു. ആകെ 2169.07 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പത്തു വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍ നടപ്പാക്കിയതായി എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."