'ഞാനതു കാര്യമാക്കുന്നില്ല, നിങ്ങളോ?' കുടിയേറ്റ ക്യാംപിലെത്തിയ മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ വാചകം വിവാദമാവുന്നു
വാഷിങ്ടണ്‍: കുടിയേറ്റക്കാരുടെ പ്രശ്‌നത്തില്‍ വിവാദങ്ങളൊഴിയാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. കുടിയേറ്റ ക്യാംപിലെത്തിയ യു.എസ് പ്രഥമവനിത മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ വാചകമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. 'ഞാനതു കാര്യമാക്കുന്നില്ല, നിങ്ങളോ' എന്നാണ് മെലാനിയ ധരിച്ച ജാക്കറ്റിന്റെ പിന്നില്‍ എഴുതിയിരിക്കുന്നത്.
അമേരിക്കയിലേക്ക് കുടിയേറുന്ന മെക്‌സിക്കോക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച് ആശ്രിതകേന്ദ്രങ്ങളിലാക്കുന്ന 'സീറോ ടോളറന്‍സ്' നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് മെലാനിയ ക്യാംപിലെത്തിയത്.
മുന്‍ മോഡലും സെലിബ്രിറ്റിയുമായ മെലാനിയ വസ്ത്രധാരണത്തിന്റെ പേരില്‍ വാര്‍ത്തയിലിടം നേടുന്നത് ഇതാദ്യമായല്ല. മാധ്യമങ്ങള്‍ക്ക് മെലാനിയയുടെ വസ്ത്രധാരണത്തിലും സ്‌റ്റൈലിലും പ്രത്യേക ശ്രദ്ധയുണ്ടെന്നിരിക്കെ ഇത്തരമൊരു ജാക്കറ്റ് ഈയവസരത്തില്‍ തിരഞ്ഞെടുത്തത് മനപ്പൂര്‍വമല്ലേ എന്നാണ് വിമര്‍ശകരുടെ സംശയം.
ആശ്രിതകേന്ദ്രത്തിലെ കുട്ടികളെ കാണാനും അവരെ മാതാപിതാക്കളുടെയടുത്തേക്ക് തിരികെയെത്തിക്കുന്നതിനും എന്ത് സഹായമാണ് ചെയ്യാനാവുക എന്ന് ചര്‍ച്ച ചെയ്യാനാണ് അവിടേക്ക് പോയതെന്ന് മെലാനിയ പറയുന്നു.
മെലാനിയ അടക്കമുള്ളവരില്‍ നിന്ന് വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്നാണ് നയത്തില്‍ നിന്ന് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ നയത്തിനെതിരെ മെലാനിയ തന്നെ രംഗത്തെത്തിയത് വാര്‍ത്തായായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."