പയ്യോളി നഗരസഭ: എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം 25ന്
പയ്യോളി: യു.ഡി.എഫ് ഭരിക്കുന്ന പയ്യോളി നഗരസഭയ്ക്കെതിരേ എല്‍.ഡി.എഫ് നല്കിയ അവിശ്വാസപ്രമേയം 25ന് അവതരിപ്പിക്കും. മുനിസിപ്പല്‍ ജോയിന്റ് ഡയരക്ടറുടെ ചുമതലയുള്ള കോഴിക്കോട് കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി പയ്യോളി നഗരസഭാ സെക്രട്ടറി പി.ജെ ജസീതയ്ക്കു നിര്‍ദേശം നല്കി.
മുസ്ലിം ലീഗിലെ അഡ്വ. പി. കുല്‍സു ചെയര്‍പേഴ്സനായ ഭരണസമിതിയില്‍നിന്ന് ജെ.ഡി.യു പിന്മാറിയതോടെയാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. 36 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 19ഉം എല്‍.ഡി.എഫിന് 16ഉം അംഗങ്ങളാണുണ്ടായിരുന്നത്. യു.ഡി.എഫില്‍ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും എട്ടുവീതവും ജെ.ഡി.യുവിന് മൂന്നും അംഗങ്ങളാണുണ്ടായിരുന്നത്. കോണ്‍ഗ്രസിലെ മടത്തില്‍ നാണു മാസ്റ്ററായിരുന്നു വൈസ് ചെയര്മാന്. ഭരണസമിതിക്കെതിരേ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചതോടെ ചെയര്പേഴ്സന് അഡ്വ. പി. കുല്‍സു രാജിവയ്ക്കാന്‍ ഒരുങ്ങിയിരുന്നു.
അതേസമയം, നിതീഷ് കുമാര്‍ ദേശീയാധ്യക്ഷനായ ജനതാദള്‍ (യു)വിന്റെ അമ്പ് ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച കൗണ്‍സിലര്‍മാരായ കെ.വി ചന്ദ്രന്, കെ.പി സബിത, ലിജിന എന്നിവര്‍ക്ക് എല്‍.ഡി.എഫ് നല്കിയ അവിശ്വാസ പ്രമേയത്തിന്നെതിരേ വോട്ട് ചെയ്യാന്‍ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് വിപ്പ് നല്കി. കൗണ്‍സിലര്‍മാര്‍ക്കു നല്കിയ വിപ്പിന്റെ കോപ്പി നഗരസഭാ സെക്രട്ടറിക്കും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."