കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയാകുന്നു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയാകുന്നു. 16 മണ്ഡലങ്ങളിലേക്കുള്ള അന്തിമ പട്ടിക തയാറാക്കുന്നതിനുള്ള അന്തിമ ചര്‍ച്ചകളാണ് നേതൃതലത്തില്‍ പുരോഗമിക്കുന്നത്. അടുത്തയാഴ്ചയോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
സംസ്ഥാന നേതൃത്വം അംഗീകരിച്ചു കഴിഞ്ഞാല്‍ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും. വിജയസാധ്യത മാത്രമല്ല, സാമുദായിക പരിഗണനകള്‍കൂടി നല്കിക്കൊണ്ടായിരിക്കും ഒന്നിലധികം പേര് നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇനി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമതി യോഗം ചേരില്ല. പകരം ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല എന്നീ നേതാക്കള്‍ യോഗം ചേര്‍ന്നായിരിക്കും തീരുമാനങ്ങളിലേക്ക് പോകുക.
ചെന്നിത്തല ഇടുക്കിയിലായിരുന്നതിനാല് സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ ഇന്നലെ ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഈ മൂന്നു നേതാക്കളും ചേര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് ചില മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമായത്. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകളിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പൂര്‍ണമായ ചിത്രം പുറത്തുവരും.
നിലവിലെ എം.പിമാര്‍ മത്സരിക്കണമെന്ന പൊതുതീരുമാനമാണ് കോണ്‍ഗ്രസിലുള്ളത്. പക്ഷെ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യത്തിലാണ് ഒരു തീരുമാനമാകാത്തത്. വടകരയില്‍ മുല്ലപ്പള്ളിതന്നെ മത്സരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ഥി വേണമെന്നുള്ള ആലോചനയുടെ അടിസ്ഥാനത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരാണ് അവസാന പരിഗണനയിലുള്ളത്. ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്റെ പേരിലും എത്തിനില്‍ക്കുകയാണ്. തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എം.എല്‍.എയുടെ പേരു തന്നെയാണ് അവസാന ഘട്ടത്തിലും പറഞ്ഞു കേള്‍ക്കുന്നത്. ചാലക്കുടിയില്‍ ബെന്നി ബെഹനാന്, കാസര്‍കോട് സുബ്ബറൈ എന്നിവരേയുമാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കെ.സുധാകരന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പി.കെ ശ്രീമതിയെ നേരിടാന്‍ കരുത്തനായ മറ്റൊരാളെ കണ്ടെത്തേണ്ട ബാധ്യത കെ.പി.സി.സിക്കുണ്ട്. ഇത്തരത്തില്‍ ചില മണ്ഡലങ്ങളിലെ കാര്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് അന്തിമ തീരുമാനമെടുക്കാനാവാതെ നില്‍ക്കുന്നത്. എത്രയും പെട്ടെന്ന് ഈ മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്ത് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."