വീണാ ജോര്‍ജിനെ ഇറക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട്
പത്തനംതിട്ട: എങ്ങനെയും ജയം ഉറപ്പിക്കാനാണ് സി.പി.എം ഇത്തവണ പത്തനംതിട്ടയില്‍ ലക്ഷ്യമിടുന്നത് എന്നാണ് വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം വ്യക്തമാക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭാംഗമായ വീണയ്ക്ക്് സീറ്റ് നല്‍കുകവഴി മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന് സി.പി.എം കരുതുന്നു.
നിലവില്‍ ആറന്മുള എം.എല്‍.എയായ വീണയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഇന്നലെ ചേര്‍ന്ന സി.പി.എം പത്തനംതിട്ട മണ്ഡലം പാര്‍ലമന്ററി കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ചൊവ്വാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പത്തനംതിട്ടയിലേക്ക് വീണയെ പരിഗണിക്കണമെന്ന നിര്‍ദേശമുണ്ടായത്. ഇതേതുടര്‍ന്നാണ് മണ്ഡലം പാര്‍ലമന്ററി കമ്മിറ്റി ചര്‍ച്ച നടത്തിയത്. കീഴ്ഘടകങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമെടുത്ത തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തുടര്‍ന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും അവതരിപ്പിക്കും. സെക്രട്ടേറിയറ്റ് നിര്‍ദേശങ്ങള്‍ സംസ്ഥാന കമ്മിറ്റി അതേപടി അംഗീകരിക്കുമെന്നാണ് സൂചന. സി.പി.എം സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായതോടെ മണ്ഡല ചിത്രം ഏതാണ്ട് വ്യക്തമായി.
സി.പി.എം പ്രവര്‍ത്തക പോലുമല്ലാതിരുന്ന കാലത്താണ് വീണയ്ക്ക് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള സീറ്റ് സി.പി.എം വച്ചുനീട്ടിയത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന കനത്ത പ്രതിഷേധങ്ങളെ അവഗണിച്ചാണ് വീണയ്ക്ക് സീറ്റ് നല്‍കിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലാണ് അന്ന് വീണയ്ക്കു തുണയായത്. അതാകട്ടെ, 2014ലെ പാര്‍ലമന്റ് തെരഞ്ഞെടുപ്പു സമയത്ത് കോടിയേരി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന് നല്‍കിയ വാഗ്ദാനത്തെ തുടര്‍ന്നും. 2014ല്‍ വീണയ്ക്കായി സീറ്റു തരപ്പെടുത്താന്‍ സഭാ നേതൃത്വവും വീണയുടെ ഭര്‍ത്താവും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുമായിരുന്ന ജോര്‍ജ് ജോസഫും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസിനു നല്‍കാനായിരുന്നു എല്‍.ഡി.എഫ് തീരുമാനം. അതിനു പകരമായിരുന്നത്രെ നിയമസഭാ സീറ്റ്.
പിറവം, കോലഞ്ചേരി അടക്കമുള്ള പള്ളിത്തര്‍ക്കങ്ങളില്‍ പ്രത്യക്ഷ ഇടപെടലിനു സി.പി.എം തയാറാകാത്ത സാഹചര്യത്തിലും ഓര്‍ത്തഡോക്‌സ് സഭ അനുഭാവം കാണിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും സഭയുടെ സഹായം ചെറുതായിരുന്നില്ല. സി.പി.എം സ്ഥാനാര്‍ഥി സജി ചെറിയാനെ നിയമസഭയില്‍ എത്തിച്ച മുഖ്യ ഘടകമായ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പങ്ക് വലുതായിരുന്നു. ഇതേ തന്ത്രമാകും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും സി.പി.എം പയറ്റുക. അതിനുള്ള ആയുധമാണ് വീണയുടെ സ്ഥാനാര്‍ഥിത്വം.
അതേസമയം, ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും ഇത്തവണ ജനവിധിയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ശബരിമല വിഷയം സി.പി.എമ്മിനെ കുഴക്കുന്നു. ശബരിമല വിഷയത്തെ തുടര്‍ന്ന് ഹൈന്ദവ സമൂഹത്തിലെ നിഷ്പക്ഷ വോട്ടുകള്‍ എവിടേക്കു പോകുമെന്നത് സി.പി.എമ്മിന് ആശങ്കയുണ്ടാക്കുന്നു. കോണ്‍ഗ്രസിനു വേണ്ടി സിറ്റിങ് എം.പി ആന്റോ ആന്റണിയും സി.പി.എമ്മിനായി വീണാ ജോര്‍ജും എത്തുമ്പോള്‍ ക്രൈസ്തവരുടെ വോട്ടുകളില്‍ ഉണ്ടായേക്കാവുന്ന ഭിന്നിപ്പും വീണയ്ക്കു ഭീഷണിയായേക്കാം. അതിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും വീണാ ജോര്‍ജ് പ്രചാരണത്തില്‍ മുന്‍തൂക്കം നല്‍കുക.
അതേസമയം, ആന്റോ ആന്റണിയുടെ തുടര്‍ച്ചയായ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനുള്ളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇടതു സ്ഥാനാര്‍ഥി മികച്ചതാണെങ്കില്‍ ആന്റോ തോല്‍ക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാംപ് നല്‍കുന്ന സൂചന.
പി.ജെ കുര്യന്‍ അടക്കമുള്ള അതൃപ്തരായ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഒരു അട്ടിമറി നടന്നാല്‍ അത് ഗുണകരമാകുക വീണയ്ക്കാവും എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ അത് വീണയ്ക്ക് ഗുണകരമാവുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."