മിനറല്‍ വാട്ടര്‍ വിപണി സജീവം; സുരക്ഷ ഉറപ്പാക്കാതെ ആരോഗ്യവകുപ്പ്
കുട്ടനാട്: വേനല്‍ കടുത്തതോടെ കുട്ടനാട്ടില്‍ മിനറല്‍വാട്ടര്‍ വിപണി സജീവമായി. ചൂടു കൂടുകയും നദികളില്‍ ഓരുവെള്ളം കയറുകയും ചെയ്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കുട്ടനാട്ടുകാര്‍ കുടിക്കാനായി മിനിറല്‍ വാട്ടറിനെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്ന മിനറല്‍ വാട്ടര്‍ അണുവിമുക്തമാണോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
കൃത്യമായ രീതിയിലല്ല പായ്ക്ക് ചെയ്യുന്നതെന്നും ആരോപണമുണ്ട്. വില്‍പനയ്ക്കായി എത്തുന്ന ജാറുകളില്‍ നിറച്ച സ്ഥലമോ തീയതിയോ എത്രനാള്‍ ഉപയോഗിക്കാമെന്നോ തുടങ്ങിയ വിവരങ്ങള്‍ ഒന്നുംതന്നെ പലപ്പോഴും കാണാറില്ലെന്ന് പറയപ്പെടുന്നു.
സംഭരിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മയിലും വ്യത്യസ്ഥത കണ്ടുവരുന്നു. വേനല്‍ കടുത്തതോടെ ആവശ്യക്കാര്‍ ഏറുകയും കച്ചവടക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ വെളളം എവിടെനിന്ന് നിറയ്ക്കുന്നുവെന്നോ എങ്ങനെ വിതരണം ചെയ്യുന്നുവെന്നോ ആരോഗ്യ വകുപ്പോ ബന്ധപ്പെട്ട അധികൃതരോ പരിശോധനകള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നാണ് ആക്ഷേപം.
പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച വെള്ളം യാതൊരു സംരക്ഷണവുമില്ലാതെ വെയിലത്ത് മണിക്കൂറുകളോളം കൊണ്ടു നടന്നാണ് വിതരണം ചെയ്യുന്നത്. ഇത് വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."