ഇരുപത്തേഴിന്റന്നത്തെ പള്ളീലെ തമാശ...
നോമ്പുകാലത്തെ കുറിച്ച് പറയുമ്പോ ബറാത്ത് രാവിനെ കുറിച്ചും പറയണം. ഇത് ബാല്യകാലത്തെ വലിയൊരു ഓര്‍മയാണ്. നോമ്പ് അടുക്കാറാവുമ്പോ ഒരു ദിവസാണ് ബറാത്ത് രാവ് വരുന്നത്. അന്ന് വീട്ടിലെ പലകയും പാത്രങ്ങളും കെടക്ക പായകളുമൊക്കെ കഴുകി വൃത്തിയാക്കി വെക്കും. പെര്യൊക്കെ അടിച്ചു കഴുകും. പടച്ചോന്‍ റഹ്മത്തും ബര്‍ക്കത്തും അയക്കുന്ന ദെവസാണ് ബറാത്ത് എന്നാണ് പഴമക്കാര്‍ പറയാറ്. ബറാത്തിന്റെ ദിവസം ഒരു ചിരട്ടയില്‍ മണ്ണ് നെറച്ച് അതില് ചന്ദനത്തിരി കത്തിച്ച് നാട്ടിലെ ഓരോ പൊരേലും കേറി എറങ്ങും. 'ബറാത്തോ ബര്‍ക്കത്തോ, തങ്ങളെപ്പള്ളിക്ക് സുന്നത്തോ അള്ളാഹുമ്മ... ആമീന്‍ ഇങ്ങനെ ചൊല്ലിക്കൊണ്ടാണ് കയറിച്ചെല്ലുക'. അന്നത്തെ ദിവസം എല്ലാ പൊരേലും ചക്കര ചോറ് വെക്കും. അതോണ്ട് ഓരോ പൊരേല് പോയാലും ചക്കര ചോറ് കിട്ടും. ചിലര് പൈസ തരും. ബറാത്ത് പോലെ തന്നെ റമദാനിലെ ഇരുപത്തി ഏഴാം രാവിനും ഞങ്ങള് കുട്ടികള്‍ക്ക് വലിയ ജോറാണ്. അന്ന് പള്ളികളില്‍ ഒരു തമാശ നടക്കാറ്ണ്ട്. പള്ളീലെ തമാശ എന്നാണ് അതിന് പറയാറ്. മുളക്കമ്പിന്റെ അറ്റത്ത് ഒരു ചെറിയ കയറ് തൂക്കിപ്പിടിച്ച് എല്ലാ പൊരേലേക്കും നടക്കും. റാത്തീബ് പള്ളിക്കലെ തമാശ, കണ്ണംപറമ്പ് പള്ളീലെ തമാശ, നൈനാം പള്ളീലെ തമാശ ഇങ്ങനൊക്കെ പറഞ്ഞാണ് കുട്ടികള് പോവ്യാ. ചെലര് മൊളക്കമ്പില്‍ വെളിച്ചെണ്ണ ഒഴിച്ച് തരും. ചെലര് പൈസ തരും. പൈസ കുട്ട്യേക്കും വെളിച്ചെണ്ണ പള്ളിലേക്കുമാണ്. പൈസ കിട്ടാനായിരുന്നു എല്ലാരും ദുആ ചെയ്തിരുന്നത്. പള്ളീല് അന്ന് നേര്‍ച്ചയായി ചീരണിയുണ്ടാകും. നല്ല രസായിരുന്നു. പള്ളിക്ക് പൊറത്ത് തീകൊളുത്തി പന്തം കൊണ്ടുള്ള പ്രകടനവും മണ്ണെണ്ണ വായിലൂതി തീ പറപ്പിക്കുന്ന കളികളൊക്കെ നടക്കും. അത്യാവശ്യം ചന്തമൊക്കെ ഉണ്ടാവും. സത്യത്തില് ഇതിനൊന്നും മതപരമായ ഒരര്‍ത്ഥണ്ടായിട്ടല്ല. ഓരോ പ്രദേശത്തുംള്ള ഓരോ ആചാരങ്ങള്. ഇതൊക്കെ ഇപ്പോ കൊറഞ്ഞ് വര്ന്ന്ണ്ട്.
അന്നത്തെ പോലെയല്ലല്ലോ ഇന്ന്. എല്ലാര്‍ക്കും തിന്നാനും കുട്ടിക്കാനൊക്കെ കൊറേ ഉണ്ടല്ലോ. അന്ന് നോമ്പ് തുറക്കാനൊന്നും ഒന്നുല്യേനും. ഇന്നല്ലെ നോമ്പ് തുറക്കാന്‍ വിഭവങ്ങളൊക്കെ ആയത്. അന്ന് റേഷന്‍ പീട്യേന്ന് കിട്ടുന്ന അരിന്റെ ചോറും കൂട്ടിയാണ് നോമ്പ് തുറന്നിരുന്നത്. പെരുന്നാളിനൊക്കെ കുപ്പായം ഭാഗ്യണ്ടേല് കിട്ടും. ഇപ്പോ ഒരാള്‍ക്കെന്നെ 60 കൂട്ടൊക്കെ ഡ്രസുണ്ടാവും. അന്നൊക്കെ എല്ലാ ദെവസോം നോമ്പെന്നല്ലേ ഞമ്മക്ക്. പട്ടിണി മാത്രം...
ഇന്നിപ്പോ പള്ളികളെല്ലാം അടച്ചിട്ടിരിക്ക്യാണ്. ലോകം മൊത്തം ഒരു വലിയ വിപത്തിനെ നേരിടുമ്പോ പുണ്യമാസത്തിലും ഞമ്മളെല്ലാം വീട്ടിലിരുന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഈയൊരു വിപത്ത് നീങ്ങാനാണല്ലോ ഞമ്മളാരും പള്ളീല്‍ പോവാത്തത്. അതോണ്ട് തന്നെ വീട്ടിലിരുന്ന് ചെയ്താലും പടച്ചോന്‍ പള്ളീല് പോയി ചെയ്യ്‌ന്നേന്റെ അതേ കൂലി തരും. ഉറപ്പാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."