ഐ.എസ് നരകത്തിലെ നായകളുടെ സൈന്യമെന്ന് അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: ഐ.എസ് നരകത്തിലെ നായകളുടെ സൈന്യമെന്ന് അസദുദ്ദീന്‍ ഉവൈസി. ഇന്ത്യയിലെ മുസ്ലിംകള് ഐ.എസിനെ ഇല്ലാതാക്കാന്‍ ഒന്നിക്കണമെന്നും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും എം.പിയുമായ ഉവൈസി പറഞ്ഞു. ഐ.എസിനെതിരേ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത് നമ്മുടെ രാജ്യമാണ്. അതിനാല്‍ ഐക്യത്തോട് കൂടി നിലനില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മനുഷ്യത്വത്തിന് എതിരേയുള്ള ഏറ്റവും വലിയ അപകടമാണ് ഐ.എസ്. മുസ് ലിം സമൂഹത്തിനും അപകടമാണ് ഇവരെന്നും മുസ്ലിം യുവാക്കള്‍ ഇത്തരം സംഘടനകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഐ.എസിന്റെ നേതാക്കളെ കിട്ടിയാല്‍ നൂറുകഷണങ്ങളാക്കണമെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ചു. ഇസ്ലാമിനു വേണ്ടി മരിക്കുകയല്ല ഇസ്ലാമിനും മനുഷ്യത്വത്തിനും വേണ്ടി ജീവിക്കുകയാണ് വേണ്ടത്. പ്രവാചകന്റെ പള്ളി ആക്രമിച്ചവര്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ ആയുധമാണ്. ആയുധമെടുത്തല്ല ജിഹാദ് നടത്തേണ്ടത്. പാവങ്ങളുടെ വേദന മനസിലാക്കുകയും അവരുടെ വികസനത്തിനു വേണ്ടി പണിയെടുക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."