മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
വടകര: മൂന്നു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഴിയൂര്‍ അണ്ടിക്കമ്പനിക്കു സമീപം വൈദ്യര്‍കുനിയില്‍ സുഹറയുടെ വീട്ടിലാണു പെണ്‍കുഞ്ഞിനെ ഉപക്ഷേിച്ച നിലയില്‍ കണ്ടത്.
വ്യാഴാഴ്ച രാത്രി എട്ടോടെ മലപ്പുറം പെരിന്തല്‍മണ്ണ കരുവാങ്കുണ്ട് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയും അവരുടെ ഉമ്മയുമാണു കുഞ്ഞിനെ ഭര്‍തൃവീട്ടിലെ വരാന്തയില്‍ ഉപേക്ഷിച്ചുപോയതെന്ന് പൊലിസ് പറഞ്ഞു. ഭര്‍ത്താവായ അര്‍ഷിദ് ഉമ്മ സുഹറയെ കുഞ്ഞിനെ വരാന്തയില്‍ കിടത്തിയ കാര്യം ഫോണില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ അയല്‍വാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ ചോമ്പാല പൊലിസില്‍ വിവരം അറിയിച്ചു.
പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശിനിയായ മുനീറയും അഴിയൂരിലെ അര്‍ഷിദും പെരിന്തല്‍മണ്ണയില്‍ വാടകവീട്ടിലാണു താമസം. കുട്ടിയെ ഉപേക്ഷിച്ചത് എന്തിനാണെന്നു വ്യക്തമല്ല. കഴിഞ്ഞ 19നു വൈകിട്ട് അഞ്ചിനാണ് മുനീറ കുഞ്ഞിനു ജന്മം നല്‍കിയത്. വടകര ആശുപത്രിയില്‍ കുഞ്ഞിനെ പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നീട് ചൈല്ഡ്ലൈന് പ്രവര്‍ത്തകരും ഐ.സി.ഡി.എസ് പ്രവര്‍ത്തകരും അഴിയൂരിലെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മുനീറയുടെയും ഉമ്മയുടെയും പേരില്‍ ജുവൈനല്‍ ആക്ട് 2015 പ്രകാരം ചോമ്പാല പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."