എക്സൈസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരിശോധന വാഷും വാഷുപകരണങ്ങളും പിടിച്ചെടുത്തു
വണ്ടൂര്‍: വ്യാജ ചാരായ നിര്‍മാണത്തിനായുള്ള ലിറ്റര്‍ കണക്കിനു വാഷ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൂരാട്, മാടമ്പം, പൊട്ടികുണ്ട് ഭാഗങ്ങളില്‍ നിന്നാണ് ബാരലുകളിലായി സൂക്ഷിച്ച 40 ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്. മാടമ്പത്തെ പൊതുശ്മശാനത്തിലും പൊട്ടിക്കുണ്ട് പുഴയോരത്തും കുഴിച്ചിട്ട നിലയിലായിരുന്നു ബാരലുകള്‍. സമീപ സ്ഥലങ്ങളില്‍ കുഴി മാന്തിയ അടയാളങ്ങള്‍ നിരവധിയുണ്ട്.
ഇതര സംസ്ഥാനക്കാരടക്കമുള്ളവര്‍ നിരന്തരം ഈ ഭാഗത്തെത്തുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വിജിലന്‍സ് പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. വിജനമായി കിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലത്ത് കൂടുതല്‍ വാഷ് സൂക്ഷിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ കെ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ വി സുഭാഷ് എന്നിവരോടൊപ്പം ഇരുനൂറിലേറെ നാട്ടുകാരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വിഷു വിപണി ലക്ഷ്യമാക്കി മേഖലയില്‍ വ്യാജമദ്യ നിര്‍മാണം വ്യാപകമാകുന്നതായി നേരത്തെ തന്നെ എക്‌സൈസിനു വിവരം ലഭിച്ചിരുന്നു. പ്രാദേശികമായ ചിലരുടെ സഹായത്തോടെ പുറമേ നിന്നുള്ള വന്‍കിടക്കാരാണ് ഇത്തരം വ്യാജവാറ്റിനു പിന്നിലുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."