വീണ്ടും തെരുവ് നായ ആക്രമണം: ഉദയത്തുംവാതിലില്‍ നാലു പേര്‍ക്കും നെട്ടൂരില്‍ ഒരാള്‍ക്കും കടിയേറ്റു
മരട്: തെരുവ് നായ് ശല്യം രൂക്ഷമായ പനങ്ങാട് ഉദയത്തുംവാതിലില്‍ ഇന്നലെ ആറ് വയസുകാരി ഉള്‍പ്പെടെ നാലു പേര്‍ക്കു കടിയേറ്റു. വെള്ളേപ്പറമ്പ് ബൈജുവിന്റെ മകള്‍ മാളവിക (6), തയ്യപ്പിള്ളി ലക്ഷ്മി പ്രദീപ് (31), വാനംവീട്ടില്‍ രാകേഷ് (34) എന്നിവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റു. നെട്ടൂര്‍ സൗത്ത് തട്ടാശ്ശേരിയില്‍ സേവ്യറിനെയും (60) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാളവികയുടെ മുഖത്താണ് കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ ചുണ്ടുകള്‍ മുറിയുകയും നാലു പല്ലുകള്‍ കൊഴിയുകയും ചെയ്തു.
മാളവികയെ നെട്ടൂര്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെ ആയിരുന്നു ഉദയത്തുംവാതിലിലെ ആക്രമണം. ലക്ഷ്മിയുടെ നെഞ്ചിനാണു നായ കടിച്ചത്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാകേഷ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും സേവ്യര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. ഉച്ചയ്ക്കു 2.45ഓടെ ആയിരുന്നു നെട്ടൂരിലെ ആക്രമണം. വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ നായ ഓടിവന്നു സേവ്യറിനെ കടിക്കുകയായിരുന്നു. കാലിനും കൈയും ആഴത്തില്‍ മുറിവേറ്റു. സേവ്യറിനെ കടിച്ചതിനു ശേഷം പൊതുമരാമത്ത് റോഡിലൂടേ വടക്കോട്ട് ഓടിയ നായ രണ്ടു പൂച്ചകളേയും കടിച്ചു. ആടിനു നേരെ പാഞ്ഞടുത്തെങ്കിലും ആട് ഓടി രക്ഷപ്പെട്ടു.
മാടവനയിലും ഉദയത്തും വാതിലിലും രണ്ടു മാസത്തിനുള്ളില്‍ ഇതു മൂന്നാമത്തെ സംഭവമാണ്. നെട്ടൂരിലെ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ അഞ്ചുപേര്‍ക്കും നായ്ക്കളുടെ കടിയേറ്റത് ഒരു മാസം മുന്‍പാണ്. ആക്രമണം തുടരുമ്പോഴും തെരുവ് നായ നിയന്ത്രണ കാര്യത്തില്‍ എ.ബി.സി പദ്ധതിയുടെ സാങ്കേതികതകള്‍ പറഞ്ഞു കൈയൊഴിയുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."