ലഹരിക്കുരുക്ക്
കണ്ണൂര്‍: ജില്ലയില്‍ ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണങ്ങളും പ്രചാരണങ്ങളും ശക്തമാകുമ്പോഴും എക്‌സൈസ് വകുപ്പിന് തലവേദനയേറുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ രജിസ്റ്റര്‍ ചെയ്തത് 36 ഡ്രഗ്‌സ് കേസുകളാണ്. 2018 ജനുവരി മുതല്‍ മെയ് വരെ കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ എന്നിവ പിടിച്ചെടുത്തതിന്റെ കണക്കുകള്‍ മാത്രമാണിത്. 16.75 കിലോ കഞ്ചാവും 67.35 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്ത സംഭവങ്ങളില്‍ 42 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ലഹരി കടത്തലും ഉപയോഗവും ജില്ലയില്‍ വളരെയധികം വര്‍ധിച്ചതായാണ് ഇതിലൂടെ വെളിവാകുന്നത്.
2018 ജനുവരിയില്‍ മാത്രം 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ യഥാക്രമം 4,7,6,5 കേസുകളാണ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ രജിസ്റ്റര്‍ ചെയ്തത്.
കഞ്ചാവിനും ബ്രൗണ്‍ ഷുഗറിനും പുറമേ ചരസ്, ഹെറോയിന്‍ എന്നിവയും കണ്ണൂരില്‍ യഥേഷ്ടം എത്തിച്ച് വില്‍പന തുടരുന്നുണ്ടെന്നാണ് വിവരം. ബംഗളൂരു, ബോംബെ പോലുള്ള വന്‍ നഗരങ്ങളില്‍നിന്ന് ദീര്‍ഘദൂര ബസുകളിലും ട്രെയിനുകളിലുമാണ് ഇവ ജില്ലയിലെത്തിക്കുന്നത്. കഴിഞ്ഞദിവസം ബംഗളൂരുവില്‍നിന്ന് കണ്ണൂരിലെത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഒരാളെ എക്‌സൈസ് പിടികൂടിയിരുന്നു.
വര്‍ഷങ്ങളായി മലബാര്‍ മേഖലയിലേക്ക് ലഹരിമരുന്ന് കടത്തുന്ന റാക്കറ്റിന്റെ കണ്ണിയായ ഇയാളെ ചോദ്യം ചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
സ്‌കൂള്‍ വിദ്യാര്‍ഥികളെ വരെ കണ്ണികളാക്കി പ്രവര്‍ത്തിക്കുന്ന ലഹരി റാക്കറ്റിനെ പൂര്‍ണമായും വലയിലാക്കാന്‍ ഇതുവരെ പൊലിസിനു കഴിഞ്ഞിട്ടില്ല.
തലശ്ശേരി, മാഹി, കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളിലും ചില മലയോര നഗരങ്ങളിലും ഇത്തരം ലഹരിമാഫിയകള്‍ നിര്‍ഭയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ടെങ്കിലും വളരെ ചുരുക്കമായാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ പിടിക്കപ്പെടുന്നത്. അഥവാ ഏതെങ്കിലും വ്യക്തി പിടിയിലായാല്‍ തന്നെ എളുപ്പം ജാമ്യം ലഭിക്കാവുന്ന അളവില്‍ മാത്രമാണ് പലപ്പോഴും ലഹരി മരുന്നുകള്‍ പിടിക്കപ്പെടുന്നത്. യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വിഷയത്തിന്റെ ഗൗരവം മനസിലാക്കികൊടുക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാരും എക്‌സൈസ് വകുപ്പും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."