പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവം: അന്വേഷണം ആരംഭിച്ചു
രാജപുരം: കള്ളാര്‍ ഓണിയില്‍ പന്നിക്ക് വച്ച കെണിയില്‍ക്കുടുങ്ങി പുള്ളിപ്പുലി ചത്ത സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മധുസൂധനനാണ് അന്വേഷിക്കുന്നത്. കെണി ഒരുക്കിയതാരെന്ന് കണ്ടെത്തിയായിരിക്കും അന്വേഷണമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ എം. രാജീവന് പറഞ്ഞു. സംഭവത്തില്‍ കേസെടുക്കുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പന്നിക്കെണി ഒരുക്കിയത്. ഇ തെക്കുറിച്ച് ഉടമയില്‍നിന്ന് അധികൃതര്‍ വിവരങ്ങള്‍ ശേഖരിക്കും. പന്നിയെ കെണിവച്ച് പിടിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ ഇന്നലെ കെണിയില്‍ കുടുങ്ങിയ പുലിയുടെ മരണകാരണം കേബിള്‍ ശരീരത്തില്‍ മുറുകിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. കുരുക്ക് മുറുകിയതിനെത്തുടര്‍ന്ന് ശക്തമായി ആന്തരിക രക്തസ്രാവമുണ്ടായി. ഇതാണ് മരണകാരണം. മയക്കുവെടി വച്ച് കൂട്ടിലാക്കി പ്രത്യേക വാഹനത്തില്‍ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകും വഴിയാണ് ചത്തത് . പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസ് വളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."