പ്രവാസി മടക്കം: ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു, കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ 151 യാത്രക്കാർ
റിയാദ്: കൊവിഡ് വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാന സർവ്വീസിന്റെ ഭാഗമായി ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ വിമാനം യാത്ര തിരിച്ചു. വൈകുന്നേരം നാലു മണിക്കു പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ വൈകി അഞ്ചു മണിക്കാണ് വിമാനം പറന്നുയര്‍ന്നത്. നാല് കുട്ടികളടക്കം 151 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇവരിൽ 62 പുരുഷന്മാരും 89 സ്ത്രീകളുമാണ്.
യാത്രക്കായി മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയെത്തിയ തിരൂരങ്ങാടി കക്കാട് സ്വദേശി അയ്യൂബിന് യാത്ര ചെയ്യാനായില്ല. സ്‌ട്രോക് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം വിദഗ്ധ ചികിത്സക്കായാണ് നാട്ടിലേക്കു പോകാനെത്തിയത്. നാളെ കൊച്ചിയിലേക്കു പോകുന്ന വിമാനത്തില്‍ ഇദ്ദേഹത്തെ അയക്കാനുള്ള ശ്രത്തിലാണ് കോണ്‍സുലേറ്റ് അധികൃതര്‍. നിലവിൽ ഇദ്ദേഹത്തെ ഷറഫിയയിലെ പോളിക്ലിനിക്കില്‍ താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്. രോഗികൾ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ട് വിസാ കാലാവധി തീര്‍ന്നവർ എന്നിവരാണ് വിമാനത്തിൽ ഇടം നേടിയത്.
[video width="1920" height="1080" mp4="http://suprabhaatham.com/wp-content/uploads/2020/05/Consul-general.mp4"][/video]
നാലു മണിക്കൂര്‍ മുന്‍പാണ് വിമാനത്താവളത്തിലെത്താന്‍ പറഞ്ഞിരുന്നതെങ്കിലും കർഫ്യു ഉൾപ്പെടെയുള്ള നിയന്തണങ്ങൾക്കിടയിലും നേരത്തെ പല യാത്രക്കാരും വിമാനത്താവളത്തിലെത്തിയിരുന്നു. മക്ക ഉള്‍പ്പെടെ ദുരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ യാത്രാ അനുമതിക്കുള്ള പ്രത്യേക പാസ് സമ്പാദിച്ച് ബസിലും സ്വകാര്യ വാഹനങ്ങളിലുമാണ് വിമാനത്താവളത്തിലെത്തിയത്. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്‌മാൻ ശൈഖ്, കോണ്‍സല്‍ ഹംന മറിയം ഖാന്‍, മറ്റു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ മാനേജര്‍ പ്രഭു ചന്ദ്രന്റെ നേതൃത്വത്തിലുള്ള എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും യാത്രക്കാര്‍ക്കുവേണ്ട സഹായങ്ങളുമായി വിമാനത്താവളത്തിലുണ്ടായിരുന്നു.
കൂടാതെ, കെഎംസിസി, നവോദയ തുടങ്ങി വിവിധ സഘടനകള്‍ യാത്രക്കാർക്ക് വേണ്ട സഹായങ്ങളുമായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. മക്കയിൽ നിന്നും എയർപോർട്ടിലേക്ക് കെഎംസിസി പ്രതേക വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് ഒരു വിമാന സർവ്വീസ് കൂടി പുറപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."