ശബരിമലയിലെ ദേവപ്രശ്‌നം സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം' എന്ന് ആക്ഷേപം
കൊച്ചി: ബ്ലാക്ക് മെയ്‌ലിംഗ് കേസിനെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട മുന്‍ തന്ത്രി കണ്ഠരര് മോഹനരെ തിരിച്ചെടുക്കണമെന്ന് നിര്‍ദേശിച്ച ശബരിമല അഷ്ടമംഗല ദേവപ്രശ്‌നം,'സ്‌പോണ്‍സേര്‍ഡ്'പരിപാടിയെന്ന് ആക്ഷേപം.
മോഹനരെ തിരിച്ചെടുക്കാന്‍ വിവാദ നായകന്‍ സുനില്‍ സ്വാമിയുടെ ഇടനിലയില്‍ നടത്തിയ ദേവപ്രശ്‌നമാണിതെന്നാണ് ആരോപണം.
മോഹനരെ തിരിച്ചെടുക്കുന്ന കാര്യം ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ ആരാഞ്ഞപ്പോള്‍ത്തന്നെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ അംഗീകരിച്ചതില്‍ ദേവസ്വം കമ്മിഷണര്‍ അടക്കം കടുത്ത അതൃപ്തിയിലാണെന്നും സൂചനയുണ്ട്.
2006ല്‍ ആണ് മുന്‍ തന്ത്രി കണ്ഠരര് മോഹനരെ ബ്ലാക്ക് മെയ്‌ലിംഗ് കേസിനെ തുടര്‍ന്ന് പൂജാദി കാര്യങ്ങളില്‍ നിന്ന് വിലക്കിയത്. കേസില്‍ തന്ത്രിയെ മനപൂര്‍വം കുടുക്കിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.
എന്നിട്ടും വിലക്ക് നീക്കാത്തതില്‍ അദ്ദേഹത്തിന്റെ പിതാവും മുതിര്‍ന്ന തന്ത്രിയുമായിരുന്ന കണ്ഠരര് മഹേശ്വര് മരണം വരെ ദുഃഖിതനായിരുന്നത്രേ. ദുഃഖത്തിന് പരിഹാരമായി തന്ത്രിസ്ഥാനത്തു നിന്ന് ഇത്രനാളും ഒഴിച്ചു നിര്‍ത്തിയിരുന്ന മോഹനരെ പൂജചെയ്യാന്‍ അനുവദിക്കണമെന്നും അതിനായി നടപടി സ്വീകരിക്കാനുമാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്.
ഇക്കാര്യം പ്രസിഡന്റ് അപ്പോള്‍ത്തന്നെ സമ്മതിച്ചു. മോഹനര്‍ പരാതിക്കാരനായ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചതാണെന്നും അദ്ദേഹത്തിനെതിരേ കേസുകളൊന്നും ഇല്ലെന്നുമാണ് പത്മകുമാര്‍ വ്യക്തമാക്കിയത്.
അടുത്ത മാസം മുതല്‍ മോഹനര്‍ക്ക് പൂജ കഴിക്കാന്‍ അവസരം നല്‍കാമെന്ന് തന്ത്രി കണ്ഠരര് രാജീവരും ദൈവജ്ഞരെ അറിയിച്ചു. എന്നാല്‍, കൂടിയാലോചന കൂടാതെയുള്ള ഇവരുടെ നിലപാടില്‍ ദേവസ്വം കമ്മിഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം.
ഹൈകോടതി കുറ്റവിമുക്തനാക്കിയെങ്കിലും മോഹനരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ വിശദമായ കൂടിയാലോചനകള്‍ നടത്തണം.
കുറ്റവിമുക്തനാക്കി എന്നത് സാങ്കേതികം മാത്രമാണ്. എന്നാല്‍, മോഹനരെ ശബരിമലയിലെ താക്കോല്‍ സ്ഥാനത്ത് നിയമിക്കുന്നത് ശരിയല്ലെന്നാണ് ദേവസ്വം ഉന്നതരുടെ നിലപാട്.
മറ്റ് ജീവനക്കാരും സമാന നിലപാടിലാണ്. ഇക്കാര്യം ബോര്‍ഡിനെ രേഖാമൂലം അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
അതേസമയം, ദേവപ്രശ്‌നം വിവാദ നായകന്‍ സുനില്‍സ്വാമിയുടെ ഇടനിലയില്‍ നടന്ന സ്‌പോണ്‍സേര്‍ഡ് പരിപാടിയായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, കണ്ഠര് രാജീവര് എന്നിവര്‍ക്കും അറിവുണ്ടെന്ന് ആരോപണമുണ്ട്.
ശബരിമലയില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് ദേവസ്വം വിജിലന്‍സും ഹൈക്കോടതിയും നിരവധിതവണ ആവശ്യപ്പെട്ടയാളാണ് സുനില്‍ സ്വാമി.
കഴിഞ്ഞ 15 മുതല്‍ 17വരെയാണ് ദൈവജ്ഞന്‍ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ കാര്‍മികത്വത്തില്‍ ദേവപ്രശ്‌നം നടന്നത്. മദ്യപിച്ചു വരുന്നവരുടെ സാന്നിധ്യം ശബരിമലയില്‍ അനുഭവപ്പെടുന്നു, സമീപഭാവിയില്‍ തന്നെ ഒരു മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും, ക്ഷേത്ര ചൈതന്യസ്ഥാനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് അപമൃത്യുവിന് സാധ്യത കാണുന്നു, ക്ഷേത്രത്തില്‍ കളവ് നടക്കുന്നു, തുടങ്ങിയ കാര്യങ്ങളും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. കഴിഞ്ഞ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ദേവപ്രശ്‌നമാണ് മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരുടെ നിര്യാണത്തെ തുടര്‍ന്ന് ഈ മാസം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."