ജനാധിപത്യത്തിനുവേണ്ടി മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഒന്നിച്ച് പ്രവര്‍ത്തിക്കണം: ജ.കുര്യന്‍ ജോസഫ്
കോഴിക്കോട്: ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാരായ മാധ്യമപ്രവര്‍ത്തകരും സംരക്ഷകരായ അഭിഭാഷകരും പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചാലേ ജനധിപത്യം ശക്തിപ്പെടുകയുള്ളൂവെന്ന് സുപ്രിം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ അഡ്വ.ജോസഫ് ജേക്കബ് കൈനാട്ടിയുടെ ഫോട്ടോ അനാച്ഛാദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളരെ കാലത്തിന് ശേഷം അഭിഭാഷകരുടെ ഒരുപരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ കണാനായതില്‍ സന്തോഷമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. അകലേണ്ടവരല്ല പരസ്പരം അടുത്ത് ഇടപെടേണ്ടവരാണ് ഇരുകൂട്ടരുമെന്നും അദ്ദേഹം പറഞ്ഞു. അപരനെ കുറിച്ചുള്ള വ്യഗ്രതയാണ് സാമൂഹികപ്രതിബദ്ധതയെന്നും അങ്ങനെയുള്ള വ്യക്തിത്വമാണ് ജോസഫ് ജേക്കബെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷക ക്ഷേമനിധി അദ്ദേഹത്തിന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ആദ്യമായി പ്രൊഫഷനല്‍ പാര്‍ട്ണര്‍ഷിപ്പ് സമ്പ്രദായം കൊണ്ടുവന്നത് ജോസഫ് ജേക്കബ്ബായിരുന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ റിട്ട. ഹൈക്കോടതി ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞു. എല്ലാ രംഗത്തും ലീഡര്‍ഷിപ്പ് പ്രകടിപ്പിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും ബസന്ത് കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണ കുമാര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കേരളാ ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിനോദ് സിംഗ് ചെറിയാന്‍, ജില്ലാ ജഡ്ജി അനിതാ എം.ആര്‍ അനിത, ജോസഫ് ജേക്കബ്ബിന്റെ ജൂനിയര്‍ പി.കെ സിദ്ധാര്‍ഥന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ബി.വി ദീപു, ബാര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മാത്യു കാട്ടികാനാ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."