ട്രംപിന് മുന്നറിയിപ്പുമായി റഷ്യയും ഇറാനും: ക്രമണം ആവര്‍ത്തിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഭീഷണി
മോസ്‌കോ: സിറിയയില്‍ അമേരിക്ക ലക്ഷ്മണരേഖ മറിടകടന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും ഇറാനും.
സംയുക്ത പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനുള്ള തങ്ങളുടെ പിന്തുണ ആവര്‍ത്തിച്ചത്. ഇതോടെ മേഖലയില്‍ യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നും വീണ്ടും ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇരു രാജ്യങ്ങളുടെയും സൈനിക മേധാവിമാര്‍ വ്യക്തമാക്കി.
തിരിച്ചടിക്കാനുള്ള തങ്ങളുടെ ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കു ബോധ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
യഥാര്‍ഥ യുദ്ധത്തിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ലണ്ടനിലെ റഷ്യന്‍ എംബസി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അതേസമയം, സിറിയയിലെ അസദ് ഭരണകൂടത്തിനുള്ള പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ബ്രിട്ടന്‍.
കഴിഞ്ഞ വെള്ളിയാഴ്ച ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിറിയക്കെതിരേ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്. 59 ക്രൂയിസ് മിസൈലുകളാണ് സിറിയന്‍ വ്യോമതാവളമായ ശഈറാത്തിനു നേരെ തൊടുത്തത്.
സിറിയയില്‍ അമേരിക്ക കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം യു.എസിന്റെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെയും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."