പദവിനോക്കിയല്ല കൊവിഡ് വരിക, വാളയാറില്‍ രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ലിത്: പിണറായി
തിരുവനന്തപുരം: വാളയാറില്‍ പോയ ജനപ്രതിനിധികളടക്കമുള്ളവരെ ക്വാറന്റൈനിലാക്കിയ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദവിനോക്കിയല്ല കൊവിഡ് വരിക. ജനപ്രതിനിധികള്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നു.
ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായി. അവിടെയുണ്ടായിരുന്ന 130 ഓളം യാത്രക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസിനെയും മറ്റ് നാട്ടുകാരെയും 14 ദിവസത്തേക്ക് വീടുകളില്‍ ക്വാറന്റൈനിലാക്കും. ഇവരില്‍ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കണം എന്നാണ് പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.
32 ദിവസം വയനാട് ഗ്രീന്‍ സോണിലായിരുന്നു. ഇടവേളക്ക് ശേഷമാണ് ഇവിടെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോയമ്പേട് മാര്‍ക്കറ്റില്‍ പോയതിനാലാണ് സ്രവം പരിശോധിച്ചത്. ഇയാളില്‍ നിന്ന് പത്ത് പേര്‍ക്ക് രോഗബാധയുണ്ടായി. പലരും ഭീതിയിലാണ്. ഇവരുടെ കോണ്ടാക്ടിലുണ്ടായിരുന്ന ഒരാളില്‍ നിന്നാണ് മാനന്തവാടിയില്‍ മൂന്ന് പൊലിസുകാര്‍ക്ക് രോഗം വന്നത്.
വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗ പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിര്‍ത്തി ജില്ല ആയതിനാല്‍ കൂടുതല്‍ പ്രശ്നമുണ്ട്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരില്‍ മുന്നൂറ് പേര്‍ക്ക് ടെസ്റ്റ് നടത്തി. സിപിഒ മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെ എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കും. വിവിധ മേഖലയില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തും. ഇത് സംബന്ധിച്ച് പൊലിസ് ഉന്നതതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."