അമേരിക്കയില്‍ ഏഷ്യന്‍ ഡോക്ടറെ വിമാനത്തില്‍നിന്ന് വലിച്ചിഴച്ച് പുറത്താക്കി VIDEO
ന്യൂയോര്‍ക്ക്: യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് ഏഷ്യന്‍ വംശജനായ ഡോക്ടറെ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കി. വിമാനത്തില്‍ അധിക ബുക്കിങ്ങ് എന്ന് കാണിച്ചാണ് എയര്‍ലൈന്‍ ജീവനക്കാര്‍ ഏഷ്യന്‍ വംശജനായ യാത്രക്കാരനെ പുറത്താക്കിയത്.
ചിക്കാഗോ ഓഹരെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലൂയിസ്‌വില്ലെ കെന്റുക്കിയിലേക്ക് പുറപ്പെട്ട യുണെറ്റഡ് എയര്‍ലൈന്‍സിന്റെ 3411 നമ്പര്‍ വിമാനത്തിലാണ് ഏഷ്യന്‍ വംശജനായ ഡോക്ടര്‍ക്ക് അപമാനം നേരിടേണ്ടി വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.
വിമാനത്തിലെ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തില്‍ യാത്രക്കാരന് പരുക്കേറ്റിട്ടുണ്ടെന്നും ഇയാളുടെ വായില്‍ നിന്ന് രക്തം വരുന്നത് കണ്ടെന്നും സഹയാത്രികര്‍ പറയുന്നു.
സംഭവം യാത്രക്കാര്‍ വിവരിക്കുന്നതിങ്ങനെ. അധികൃതര്‍ വന്ന് വിമാനത്തില്‍ അധിക ബുക്കിങ് ഉണ്ടെന്നും നാലു പേര്‍ യാത്ര ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. തുടര്‍ന്ന് അധികൃതര്‍ തന്നെ നാലു പേരുടെ പേര് വായിച്ചു. എന്നാല്‍ താന്‍ ഒരു ഡോക്ടറാണെന്നും അടുത്ത ദിവസം തനിക്ക് രോഗികളെ കാണേണ്ടതുണ്ടെന്നും പറഞ്ഞ് ഇയാള്‍ അധികൃതരുടെ ആവശ്യം നിരാകരിച്ചു. ഇതാണ് അധികൃതരെ പ്രകോപിതരാക്കിയത്.
വിഷയവുമായി ബന്ധപ്പെട്ട് യുണെറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോയിട്ടേഴ്‌സിന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയിട്ടോ മാപ്പു പറഞ്ഞിട്ടോ ഇല്ല. യാത്രക്കാരന്‍ എയര്‍ലൈന്‍ ജീവനക്കാരുടെ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു എന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞത്.
വിമാനത്തില്‍ അധിക ബുക്കിങ്ങായതു കാരണം താങ്കള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല എന്ന് ജീവനക്കാര്‍ അറിയിച്ചെങ്കിലും യാത്രക്കാരന്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയും ജീവനക്കാരുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
വിമാനത്തില്‍ അധിക ബുക്കിങ്ങ് കാരണം ടിക്കറ്റ് റദ്ദാക്കേണ്ടതായി വന്നാല്‍ വിവരം സാധാരണഗതിയില്‍ നേരത്തെ യാത്രക്കാരെ അറിയിക്കേണ്ടതാണ്. എന്നാല്‍ യുണെറ്റഡ് എയര്‍ലൈന്‍സില്‍ യാത്രയ്ക്ക് തൊട്ടു മുന്‍പ് മാത്രമാണ് ഇതുമായി ബന്ധപ്പെട്ടവിവരം യാത്രക്കാരനെ അറിയിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി ലീവില്‍ പ്രവേശിപ്പിച്ചു. വിഷയം അന്വേഷിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പറഞ്ഞു. ഏഷ്യന്‍ വംശജനെതിരായി നടന്ന ആക്രമണത്തിനെതരിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."