കെ.സി വരുമോ ഹാട്രിക് കൊയ്യാന്‍; ചെങ്കൊടി പാറിക്കാന്‍ ആരിഫ് റെഡി
ആലപ്പുഴ: ഒരു പതിറ്റാണ്ട് മുന്‍പ് മാഞ്ഞതാണ് ആലപ്പുഴയിലെ ചുവപ്പുരാശി. വീണ്ടും ചെങ്കൊടി പാറിക്കാന്‍ ലക്ഷ്യമിട്ടു സി.പി.എം ഇത്തവണ കളത്തിലിറക്കുന്നത് എ.എം ആരിഫ് എം.എല്‍.എയെ. ഹാട്രിക് പോരാട്ടത്തിന് കെ.സി വേണുഗോപാല്‍ വരുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥി ആരെന്നതിനെ കുറിച്ചും തീരുമാനമായിട്ടില്ല. വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയെ അരൂരില്‍ വീഴ്ത്തിയ പോരാട്ട പാരമ്പര്യമാണ് ആരിഫിന്റേത്. സാമുദായിക സമവാക്യങ്ങള്‍ വിധിയെഴുത്തില്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടു കെ.സി വേണുഗോപാല്‍ എത്തിയാല്‍ വന്‍മരത്തെ നേരിടാന്‍ എ.എം ആരിഫിനെക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥി സി.പി.എമ്മിന് മുന്നിലില്ല. ശബരിമല വിഷയം സജീവമാകുന്ന മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവച്ചാണ് സി.പി.എം ആരിഫിനെ രംഗത്തിറക്കുന്നത്. ആലപ്പുഴയില്‍ എതിരാളി ആരെന്ന തീരുമാനം വൈകുകയാണ്. സിറ്റിങ് എം.പി കെ.സി വേണുഗോപാല്‍ തന്നെ സ്ഥാനാര്‍ഥി എന്ന് കോണ്‍ഗ്രസ് ജില്ലാനേതൃത്വം ഉറപ്പിക്കുമ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറിയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറെയുള്ള കെ.സി വേണുഗോപാല്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം രാഹുല്‍ഗാന്ധിയുടേതാവും. കെ.സി തന്നെയെങ്കില്‍ ഹാട്രിക് വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ പറയുന്നു.
കെ.സി വേണുഗോപാല്‍ അല്ലാതെ മറ്റൊരു പേരും ഡി.സി.സി നേതൃത്വവും മുന്നോട്ടുവച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് എന്നും മുന്നില്‍ നില്‍ക്കുന്ന മണ്ഡലമാണ് ആലപ്പുഴ. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ വിജയം യു.ഡി.എഫിന് ഒപ്പവും. ഹരിപ്പാട് ഒഴികെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഇടതിനൊപ്പമാണ്. ആരിഫിനെ രംഗത്തിറക്കിയതിലൂടെ ശബരിമല, ചര്‍ച്ച് ആക്ട് ഉള്‍പ്പെടെ വിഷയങ്ങളെ മറികടന്നു മണ്ഡലത്തില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. മത്സ്യത്തൊഴിലാളി, പരമ്പരാഗത തൊഴില്‍ മേഖലയിലെ ഭൂരിപക്ഷം വോട്ടും ആരിഫിനെ രംഗത്തിറക്കിയതിലൂടെ നേടാനാവുമെന്ന കണക്ക് കൂട്ടലിലാണ് എല്‍.ഡി.എഫ്. മുന്‍ എം.പി സി.എസ് സുജാത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. കെ.ടി മാത്യു എന്നീ പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ആരിഫ് എന്ന ഒറ്റപ്പേരിലേക്ക് ഒടുവില്‍ എത്തുകയായിരുന്നു. 2006 മുതല്‍ അരൂരിന്റെ എം.എല്‍.എ ആയ ആരിഫ് നിയമസഭയിലേക്ക് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഹാട്രിക് വിജയം നേടിയത്. ആലപ്പുഴയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്നണി മുസ്‌ലിം സമുദായത്തില്‍ നിന്നൊരാളെ ലോക്‌സഭാ സ്ഥാനാര്‍ഥി ആക്കുന്നത്. അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടുകളിലെ വര്‍ധനയും ആരിഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് കാരണമായി. 1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ.പി.എം ശരീഫ് സ്ഥാനാര്‍ഥിയായിരുന്നു. മുന്നണി സംവിധാനത്തിലായിരുന്നില്ല ആ പോരാട്ടം.
30,195 വോട്ടിന് പി.ടി പുന്നൂസ് ആണ് അന്ന് ജയിച്ചത്. തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദം നേടിയ ആരിഫ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂയൊണ് രാഷ്ട്രീയരംഗത്ത് എത്തിയത്. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ഥി ആരെന്നത് സംബന്ധിച്ച് എന്‍.ഡി.എയില്‍ വ്യക്തതയില്ല. ബി.ജെ.പിക്കാണ് സീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."