യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദം; ബ്ലോക്ക്ബസ്റ്റര്‍
മ്യൂണിക്ക്: ആക്രമണവും പ്രതിരോധവുമെന്ന സങ്കല്‍പ്പത്തെ കുറച്ചു സമയത്തേക്ക്, ചുരുങ്ങിയത് 90 മിനുട്ട് നേരത്തേക്കെങ്കിലും മാറ്റി നിര്‍ത്താം. പകരം ആക്രമണവും ആക്രമണവും എന്നു മാറ്റി വായിക്കാം. അലയന്‍സ് അരീനയിലെ പുല്‍ത്തകടിയില്‍ ഇന്ന് അങ്ങനെയൊരു ക്ലാസ്സിക്ക് പോരാട്ടാം കാണാം. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും. ലോകം കാണാന്‍ കാത്തിരുന്ന ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടത്തിലേക്ക് കുതിക്കുകയാണ് ബയേണ്‍. സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനത്താണ് റയലും നില്‍ക്കുന്നത്.
ലെവന്‍ഡോസ്‌കിയും മുള്ളറുമടങ്ങിയ മുന്നേറ്റവും റിബറി, ഡഗ്ലസ് കോസ്റ്റ, ആര്യന്‍ റോബന്‍, ആര്‍ദുറോ വിദാല്‍, തിയാഗോ അല്‍ക്കന്താര തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമാണ് ബാവേറിയന്‍സിന്റെ കരുത്ത്. മുന്നേറ്റം താരങ്ങള്‍ക്കൊപ്പം അവസരം കിട്ടുമ്പോഴെല്ലാം മറ്റുള്ളവരും ഗോളടിക്കാന്‍ മിടുക്കരാണെന്നത് അവര്‍ക്ക് അധിക ആനുകൂല്യമാണ്. ഈ സീസണില്‍ ബുണ്ടസ് ലീഗയിലും ചാംപ്യന്‍സ് ലീഗിലുമായി ഗോളുകള്‍ അടിച്ചുകൂട്ടിയാണു ബയേണ്‍ എത്തുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ആഴ്‌സണലിനെ തകര്‍ത്തത് ഇരു പാദങ്ങളിലായി പത്തു ഗോളുകള്‍ക്കാണ്. ആന്‍സലോട്ടിയുടെ കീഴില്‍ മികച്ച ആക്രമണ ഫുട്‌ബോളാണ് ബയേണ്‍ കളിക്കുന്നത്.
സമാന മനോഭാവമാണ് റയലിനും. കടുത്ത ആക്രമണം തന്നെയാണു അവരുടേയും പ്രത്യേകത. മുന്നേറ്റത്തില്‍ ബെന്‍സമ, ബെയ്ല്‍, ക്രിസ്റ്റ്യാനോ ത്രയത്തിന്റെ കരുത്തും ധാരണകളുമാണ് ടീമിന്റെ കുതിപ്പിന്റെ കാതല്‍. മധ്യനിരയില്‍ ടോണി ക്രൂസിന്റെ കളി നെയ്യാനുള്ള മിടുക്ക് നിര്‍ണായകമാണ്. ഒപ്പം ലൂക്കാ മോഡ്രിചിന്റെ ബുദ്ധിപരമായ നീക്കങ്ങളും അവര്‍ക്ക് അധിക ആനുകൂല്യമായുണ്ട്. നേരിയ ക്ഷീണം പ്രതിരോധത്തിലാണുള്ളത്.
കഴിഞ്ഞ ദിവസം ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ പോരാട്ടത്തിനിടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് പരുക്കേറ്റത് ബയേണിനു നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ആദ്യ ഇലവനില്‍ താരമുണ്ടാകുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ പരുക്കു മാറി തിരിച്ചെത്തുന്നത് ബയേണിനു ആശ്വാസമാകുന്നു. അതേസമയം പ്രതിരോധത്തിലെ കരുത്തന്‍ മാറ്റ് ഹമ്മല്‍സ് ഇന്നു കളിക്കാനുണ്ടാകില്ല. നായകന്‍ ഫിലിപ്പ് ലാം സസ്പന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്.
പ്രതിരോധ താരങ്ങളായ പെപ്പെ, റാഫേല്‍ വരാനെ എന്നിവരുടെ വലിയ നഷ്ടവുമായാണ് റയല്‍ ഇറങ്ങുന്നത്. മുന്നേറ്റത്തില്‍ ബെന്‍സമ, ബെയ്ല്‍, ക്രിസ്റ്റ്യാനോ എന്നിവരടങ്ങിയ ബി.ബി.സി സഖ്യത്തിന്റെ കരുത്തിലാണ് റയലിന്റെ ആത്മവിശ്വസം മുഴുവന്‍ നിലനില്‍ക്കുന്നത്.
ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ കാര്‍ലോസ് ആന്‍സലോട്ടിയും റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാനും തമ്മില്‍ ഏറെ അടുപ്പമുണ്ട്. 1990കളില്‍ സിദാന്‍ യുവന്റസില്‍ കളിക്കുമ്പോള്‍ തുടങ്ങിയ ആ ബന്ധം ആന്‍സലോട്ടി റയലിന്റെ കോച്ചായി രംഗത്തെത്തിയപ്പോള്‍ സിദാന്‍ റയലിന്റെ യൂത്ത് ടീം പരിശീകനായിരുന്നു. ആ സമയത്ത് ബന്ധം കൂടുതല്‍ ദൃഢമായി. ആദ്യമായി ഇരുവരും തന്ത്രങ്ങളുമായി നേര്‍ക്കനേര്‍ വരുന്നതും ഇന്നത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നു. ഒപ്പം മുന്‍ ബയേണ്‍ താരം ടോണി ക്രൂസ് റയല്‍ കുപ്പായത്തിലും മുന്‍ റയല്‍ താരം സാബി അലോണ്‍സോ ബയേണ്‍ കുപ്പായത്തിലും തങ്ങളുടെ മുന്‍ ടീമുകള്‍ക്കെതിരേ കളിക്കാനിറങ്ങും.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയെ നേരിടും. നടാടെ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കളിക്കാനൊരുങ്ങുകയാണ് ലെയ്സ്റ്റര്‍. അത്‌ലറ്റിക്കോ നിലവിലെ രണ്ടാം സ്ഥാനക്കാരാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയും ഫൈനലിലെത്തിയ അത്‌ലറ്റിക്കോ മികച്ച ഫോമില്‍ നില്‍ക്കുന്ന ടീമാണ്. അതേസമയം കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ലെയ്സ്റ്റര്‍ ഈ സീസണില്‍ പകുതി വരെ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. കോച്ച് റെനിയേരിയെ പുറത്താക്കിയ അവര്‍ ഷേക്‌സ്പിയറുടെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്ത് തരംതാഴ്ത്തല്‍ ഭീഷണി മറികടന്നിട്ടുണ്ട്. അവര്‍ ചാംപ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമാണെന്നതിനാല്‍ അത്‌ലറ്റിക്കോ ജാഗ്രതയോടെയായിരിക്കും മത്സരത്തെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."