പൂനെയെ എറിഞ്ഞിട്ട് ഡല്‍ഹി
പൂനെ: ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങിയ പോരാട്ടത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 97 റണ്‍സിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ പൂനെയുടെ പോരാട്ടം 16.1 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു. മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ സഹീര്‍ ഖാന്‍, അമിത് മിശ്ര, രണ്ടു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സ് എന്നിവരുടെ ബൗളിങാണ് പൂനെയെ തകര്‍ത്തത്. മിശ്ര മൂന്നോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ പിഴുതത്. കൂറ്റനടിക്ക് മുതിര്‍ന്ന് പൂനെ താരങ്ങള്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തി. മയാങ്ക് അഗര്‍വാളാണ് (20) പൂനെയുടെ ടോപ് സ്‌കോറര്‍.
കരിയറിലെ ആദ്യ ടി20 സെഞ്ച്വറി കണ്ടെത്തിയ സഞ്ജു 63 പന്തില്‍ എട്ടു ഫോറും അഞ്ചു സിക്‌സുമടക്കം 102 റണ്‍സ് അടിച്ചെടുത്തു.
നായകന്‍ സ്മിത്തിന്റെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് പൂനെയെ നയിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത പൂനെയുടെ തീരുമാനം തുടക്കത്തില്‍ ഫലം കണ്ടു. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ ഡല്‍ഹി ഓപണര്‍ ആദിത്യ താരെ റണ്ണൊന്നുമെടുക്കാതെ മടങ്ങി.
പിന്നാലെയെത്തിയ സഞ്ജു ഒരറ്റത്ത് നിറഞ്ഞതോടെ ഡല്‍ഹി സ്‌കോര്‍ കുതിച്ചു. 17 പന്തില്‍ 24 റണ്‍സുമായി സാം ബില്ലിങ്‌സും 22 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും പറത്തി 31 റണ്‍സുമായി റിഷഭ് പന്തും സഞ്ജുവിനെ പിന്തുണച്ചു. അശോക് ഡിന്‍ഡ എറിഞ്ഞ 17ാം ഓവറില്‍ 19 റണ്‍സ് വാരി സഞ്ജു 77 ല്‍ നിന്ന് വ്യക്തിഗത സ്‌കോര്‍ 96ല്‍ എത്തിച്ചു. സാംപയെറിഞ്ഞ 18ാം ഓവറിന്റെ ആദ്യ പന്ത് സിക്‌സിന് തൂക്കി മലയാളി താരം കന്നി ടി20 സെഞ്ച്വറി കണ്ടെത്തി. തൊട്ടുപിന്നാലെ രണ്ടാം പന്തില്‍ സഞ്ജു കളം വിട്ടു. ആറാമനായി ക്രീസിലെത്തിയ ക്രിസ് മോറിസ് ഒന്‍പത് പന്തുകള്‍ മാത്രം നേരിട്ട് പുറത്താകാതെ 38 റണ്‍സ് അടിച്ചെടുത്തതും ഡല്‍ഹി മുന്നേറ്റത്തില്‍ നിര്‍ണായകമായി. നാലു ഫോറും മൂന്നു സിക്‌സും ക്ഷണത്തില്‍ അടിച്ചെടുത്ത മോറിസ് ഡല്‍ഹി സ്‌കോര്‍ 205ല്‍ എത്തിച്ചു.
കൊറി ആന്‍ഡേഴ്‌സന്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. പൂനെയ്ക്കായി ചഹര്‍, താഹിര്‍, സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."