ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും
കൊപ്പം: പട്ടാമ്പി-പെരിന്തല്‍മണ്ണ റൂട്ടില്‍ ഓടുന്ന ബസ്സുകളുടെ അമിതവേഗത്തിന് പരിഹാരമുണ്ടാക്കാന്‍ പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ബസ്സ് ഓണേഴ്‌സ് അസോസിയേഷന്റേയും ബസ് തൊഴിലാളി യൂണിയനുകളുടേയും സംയുക്ത യോഗത്തില്‍ തീരുമാനമായി.
കരിങ്ങനാട് നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍ കൈകൊണ്ടത്. കഴിഞ്ഞ ദിവസം ബസ് ഇടിച്ച് മുസ്്‌ലിം ലീഗ് പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്റ് വി പി അബൂബക്കര്‍ മരണപ്പെട്ടിരുന്നു. രോഷാകുലരായ പൊതുജനം അപകടം വരുത്തിയ 'സന' ബസിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബസ്സുടമകളും തൊഴിലാളികളും വെള്ളിയാഴ്ച്ച സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം നടത്തിയപ്പോള്‍ ശനിയാഴ്ച്ച ബസ്സുകളെ തടയാന്‍ സര്‍വ്വ കക്ഷിയോഗവും തീരുമാനമെടുത്തിരുന്നു.
ബസ്സുകള്‍ക്ക് പുലാമന്തോള്‍ ടോള്‍ ബൂത്തില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുക, 'സന' ബസ്സ് ഇനിയൊരു അപകടം വരുത്തിയാല്‍ പെര്‍മിറ്റ് പൂര്‍ണമായി റദ്ദാക്കുക, ബസ്സുകളുടെ സമയം പുന:പ്പരിശോധിക്കുക, ബസ്സ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ച് തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കുക, അപകടം വരുത്തിയ ബസ്സ് അടിച്ച് തകര്‍ത്തതിനെതിരില്‍ നാട്ടുകാര്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കുക, ഗ്രാമ പഞ്ചായത്തുകള്‍, പൊതുമരാമത്ത് വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ സിഗ്‌നല്‍ , മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് യോഗ തീരുമാനങ്ങള്‍.
മല്‍സരയോട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള സമയം പുന ക്രമീകരിക്കുന്നതിന് വേണ്ടിയുള്ള യോഗം ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ 13ന് നടക്കും.
ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കമ്മുക്കുട്ടി എടത്തോള്‍, പട്ടാമ്പി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എ റാസി, വിളയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഹുസൈന്‍ കണ്ടേങ്കാവ്, നീലടി സുധാകരന്‍, പട്ടാമ്പി സബ് ഇന്‍സ്‌പെക്ടര്‍, സി പി എം വിളയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ഉണ്ണി , വിവിധ രാഷ്ട്രീയ പാര്‍ട്ടി യുവജന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."