ഡല്‍ഹിയില്‍നിന്ന് ട്രെയിനിലെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് ലക്ഷണം
തിരുവനന്തപുരം: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ട്രെയിനിലെ എട്ടു യാത്രക്കാര്‍ക്ക് കൊവിഡ് ലക്ഷണം. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഒരാള്‍ക്കും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഏഴു പേര്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് ഇറങ്ങിയ പത്തനംതിട്ട സ്വദേശിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയില്‍നിന്നാണ് ഇയാളെത്തിയത്. തിരുവനന്തപുരത്ത് ഇറങ്ങിയ മൂന്നു പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ അയച്ചു. ബാക്കിയെല്ലാവരേയും വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറ്റി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഏഴ് പേരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് 4, മലപ്പുറം, വയനാട്, കാസര്‍കോട് ഓരോരുത്തര് വീതം എന്നിങ്ങനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ പുലര്‍ച്ചെയാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. ലോക്ക് ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായെത്തുന്ന ആദ്യ ട്രെയിനാണിത്. 1045 യാത്രക്കാരാണ് കേരളത്തിലെ മൂന്ന് സ്റ്റേഷനുകളില്‍ ഇറങ്ങാനുണ്ടായിരുന്നത്.
തിരുവനന്തപുരത്ത് 348 യാത്രക്കാരുണ്ടായിരുന്നു. എറണാകുളത്ത് 411 പേരെത്തി. യാത്രക്കാരില്‍ ഒരാളെ നെഞ്ചുവേദനയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലെ 286 യാത്രക്കാര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."