കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷ നീക്കം: സി.പി.എം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും ആശ്വാസപദ്ധതികളും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന തെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. കൊവിഡ് വ്യാപനം തടയുന്നതിലെ കേരളത്തിന്റെ നേട്ടത്തെ ഇല്ലാതാക്കുന്നതിനും സ്ഥിതിഗതികള്‍ വഷളാക്കുന്നതിന്റെയും ഭാഗമായിട്ടെ വാളയാറിലെ സംഭവങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. ഇത് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടണം.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന തരംതാണ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു. മനുഷ്യര്‍ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കണമെന്ന ദുഷ്ടലാക്കാണ് ഇവര്‍ക്കുള്ളത്. നാട് ഒറ്റക്കെട്ടായിനില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി ജനങ്ങളുടെ ജീവന്‍ പന്താടാനുള്ള നീക്കം ജനം തള്ളിക്കളയുക തന്നെ ചെയ്യും.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനം സ്വീകരിച്ച നിലപാട് ലോകവ്യാപകമായി അംഗീകരിച്ചതാണ്. വിദേശത്തും രാജ്യത്തിനകത്തുമുള്ള മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
അവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അത് തകര്‍ക്കാനുള്ള ഏതു ശ്രമവും മനുഷ്യജീവന്‍ അപകടത്തിലാക്കാനുള്ളതാണ്. എം.പിമാരും എം.എല്‍.എമാരും നേരിട്ട് ഇതിനായി ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് സംസ്ഥാനം ശ്രമിക്കുന്നത്. വിയോജിപ്പുകളുള്ള പ്രശ്‌നങ്ങളിലും പരസ്യമായ പ്രതികരണത്തിന് പോകാതെ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കേന്ദ്രമന്ത്രി മുരളീധരന്റെ അപക്വമായ പ്രതികരണം ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."