ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതില്‍ ഗുരുതരവീഴ്ച: യു.ഡി.എഫ്
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചു. മറുനാടന്‍ മലയാളികള്‍ക്കായി ഗതാഗത, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മറുനാടന്‍ മലയാളികളെ മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കുകയാണ്.
എം.പിമാരുടെ വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം തരംതാണതാണ്. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മലയാളികളെ കാണാന്‍ പോയ ജനപ്രതിനിധികളെ ക്വാറന്റൈന്‍ ചെയ്തത് സ്വാഗതാര്‍ഹമാണ്. ഈ തീരുമാനമെടുക്കേണ്ടത് ആരോഗ്യവകുപ്പാണ്. അല്ലാതെ തലേദിവസം ഈ തീരുമാനം അറിയിച്ച സി.പി.എം ജില്ലാ സെക്രട്ടറിയല്ല. വാളയാറിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനാണ് ജനപ്രതിനിധികള്‍ അവിടെ പോയത്. ചെക്ക് പോസ്റ്റില്‍ നാനൂറോളം പേര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക്‌പോലും സൗകര്യമൊരുക്കാതിരുന്നത് പിടിപ്പുകേടാണ്.
നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരുന്നതില്‍ വീഴ്ചയും കാലതാമസവും ഉണ്ടായി. ട്രെയിന്‍, കെ.എസ്.ആര്‍.ടി.സി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയെങ്കിലും നാട്ടിലെത്തിക്കാമായിരുന്നു.
340 പേരാണ് പാസില്ലാതെ കേരളത്തിലെത്തിയത്. ആരാണ് ഇവരെ കടത്തിവിട്ടതെന്ന് സര്‍ക്കാര്‍ പറയണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മെഡിക്കല്‍ സംഘത്തെ അയച്ച് മലയാളികളെ പരിശോധിക്കണം. പല ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെയും സ്ഥിതി ദയനീയമാണ്. ഏറ്റവും കുറവ് കൊവിഡ് പരിശോധന കേരളത്തിലാണ്. എം.പിമാരെ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി മുഖ്യമന്ത്രിയാണ് രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."