ആലഞ്ചേരിയുടെ ഇടയലേഖനം ഒരുവിഭാഗം പള്ളികള്‍ തള്ളി
കൊച്ചി:ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഒരു വിഭാഗം പള്ളികള്‍ തള്ളി. മാര്‍ ജേക്കബ് മാനത്തോടത്തും ജോര്‍ജ് ആലഞ്ചേരിയുമാണ് ഇടയലേഖനം ഇറക്കിയത്. ആലഞ്ചേരിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വിഭാഗം പള്ളികള്‍ ഇടയലേഖനം വായിക്കാതെ തള്ളുകയായിരുന്നു. ചിലയിടങ്ങളില്‍ ഇരുവരുടേയും ഇടയലേഖനം വായിക്കുന്നതിനോട് പ്രതിഷേധവും രേഖപ്പെടുത്തി.
പുതിയ അഡ്മിനിസ്‌ട്രേറ്ററെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനായിരുന്നു മാര്‍ ആലഞ്ചേരിയുടെ ഇടയലേഖനം. അഡ്മിനിസ്‌ട്രേറ്റര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് ആലോചിക്കുകയും തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന് ഇടയലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ ഇടപെടരുതെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടും ഭരണകാര്യങ്ങളില്‍ തുടര്‍ന്നും ഇടപെടുന്ന തരത്തിലായിരുന്ന കര്‍ദിനാളിന്റെ ഇടയലേഖനമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
കര്‍ദിനാളിന്റെ പരാമര്‍ശത്തിനെതിരേ വൈദികര്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം പ്രതിഷേധം അറിയിച്ചു. അനുരഞ്ജന ചര്‍ച്ചകള്‍ക്കും സമാധാനശ്രമങ്ങള്‍ക്കും മുന്‍ഗണന നല്‍കിയായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഇടയലേഖനം.
ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രതിസന്ധി വര്‍ധിപ്പിക്കുവാന്‍ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം ഇടയലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി സങ്കീര്‍ണമാക്കാതെ ശാന്തമായി മറികടക്കാന്‍ എല്ലാവര്‍ക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.
അതിരൂപതയുടെ ഭരണചുമതല താന്‍ വഹിക്കുമ്പോഴും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയാണ് എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തയെന്നും മാര്‍ ജേക്കബ് മനത്തോടത്ത് ഇടയലേഖനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."