സഹകരണ വിജിലന്‍സ് ശക്തമാക്കുന്നു
തൊടുപുഴ: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ അഴിമതികളും സാമ്പത്തിക ക്രമക്കേടുകളും കൂടി വരുന്ന സാഹചര്യത്തില്‍ സഹകരണ വിജിലന്‍സ് സംവിധാനം ശക്തമാക്കാന്‍ നടപടി. വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇതുസംബന്ധിച്ചുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡോ. സജിത് ബാബു പുറപ്പെടുവിച്ചു. രജിസ്ട്രാര്‍ നിര്‍ദേശിക്കുന്ന പരാതികളിന്മേല്‍ മാത്രമാണ് വിജിലന്‍സ് ഓഫിസര്‍ അന്വേഷണം നടത്തേണ്ടത്. മറ്റ് ഓഫിസുകളില്‍ നിന്ന് നേരിട്ട് ഫയലുകള്‍ വിജിലന്‍സിന് നല്‍കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
ഒരു പരാതിയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ അന്വേഷണം നടക്കുന്ന കാര്യവും രജിസ്ട്രാറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ ധനാപഹരണം, അഴിമതി, മറ്റ് ഗുരുതര ക്രമക്കേടുകള്‍ ആരോപിച്ച് സഹകരണ സംഘം അസി. രജിസ്ട്രാര്‍മാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും ലഭിക്കുന്ന പരാതികളിന്മേല്‍ വിജിലന്‍സ് ഓഫിസര്‍ മുഖാന്തരം അന്വേഷണം നടത്തേണ്ടതാണെന്ന് കാണുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി 15 ദിവസത്തിനകം എല്ലാ ആരോപണങ്ങളെയും സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കേണ്ടതാണ്. പരാതികളിന്മേലുള്ള പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും അടിസ്ഥാനമുള്ളതായി കണ്ടെത്തുകയും ആയത് ഗൗരവ സ്വഭാവമുള്ളതും വകുപ്പുതല അന്വേഷണം കൊണ്ട് വസ്തുതകള്‍ പൂര്‍ണമായും തെളിയിക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് ഓഫിസര്‍ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും ബന്ധപ്പെട്ട അസി. രജിസ്ട്രാര്‍മാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും ബോധ്യപ്പെട്ടാല്‍ കാരണം സഹിതം റിപ്പോര്‍ട്ട് 15 ദിവസത്തിനകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. രജിസ്ട്രാര്‍ക്ക് നേരിട്ട് ലഭിക്കുന്നതും സര്‍ക്കാര്‍ അയച്ചുകൊടുക്കുന്നതുമായ പരാതികള്‍ വിജിലന്‍സ് അന്വേഷണം ആവശ്യമുണ്ടെങ്കില്‍ സെക്ഷന്‍ മുഖേന നേരിട്ട് ഡി.ഐ.ജിക്ക് നല്‍കാം. ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കാര്യകാരണസഹിതം രജിസ്ട്രാര്‍ക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.
സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ പണാപഹരണം, സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതികള്‍, മറ്റ് ഗുരുതരമായ ക്രമക്കേടുകള്‍ എന്നിവയില്‍ അന്വേഷണം നടത്തുന്നതിന് സംസ്ഥാനം മുഴുവന്‍ അധികാര പരിധിയോടുകൂടി പൊലിസ് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിജിലന്‍സ് ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഡി.ഐ.ജിയുടെ കീഴില്‍ ഡിവൈ.എസ്.പി മാരുടെ നിയന്ത്രണത്തില്‍ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകള്‍ ദക്ഷിണ മേഖലയിലും പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം ഇടുക്കി ജില്ലകള്‍ മധ്യമേഖലയിലും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉത്തരമേഖലയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."