വടക്കാഞ്ചേരിയെ കടലാസ് രഹിത നഗരസഭ ഓഫിസാക്കി മാറ്റാന്‍ പദ്ധതി
വടക്കാഞ്ചേരി: നഗരസഭ ഓഫിസിനെ കടലാസ് രഹിതമാക്കാന്‍ കര്‍മ്മപദ്ധതി. ഐ. കെ. എമ്മിന്റെ സഹകരണത്തോടെ ഫയല്‍ ട്രാക് സംവിധാനം ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഫയലുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് നഗരസഭ ഭരണ സമിതി യോഗം തീരുമാനമെടുത്തു.
ജില്ലയില്‍ ആദ്യമായാണ് ഒരു നഗരസഭയില്‍ ഫയല്‍ ട്രാക് ഏര്‍പ്പെടുത്തുന്നത്. ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ ഫ്രീഡം ഫ്രം വെയ്സ്റ്റ് ക്യാംപയിന്‍ നടത്തും. ഇതിന്റെ ഭാഗമായി വാര്‍ഡ് സഭ, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, യുവജന സംഘടനകള്‍, ബാങ്കുകള്‍ എന്നിവയുടെ യോഗം വിളിച്ച് ചേര്‍ക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ രജിസ്‌ട്രേഷന് വേണ്ടി തൊഴിലുറപ്പ് ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കുന്നതിനും തീരുമാനമായി. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ പ്ലാനിങ് ബോര്‍ഡിന്റെ സഹായത്തോടെ ആധുനിക പൊതു ശൗചാലയവും, വിശ്രമ കേന്ദ്രവും നിര്‍മിക്കും.
ലോക ബാങ്കിന്റെ സഹായത്തോടെ കുമ്പളങ്ങാട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാങ്കേതിക അനുമതി ലഭിച്ചതായി ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് യോഗത്തെ അറിയിച്ചു. പാഴ് വസ്തു സംഭരണത്തിന് ശുചിത്വ മിഷന് പദ്ധതി സമര്‍പ്പിക്കും. വിവിധ ഡിവിഷനുകളില്‍ നിന്ന് ശേഖരിച്ച പാഴ് വസ്തുക്കള്‍ ജൂലൈ 15ന് റീ സൈക്കിളിങ് യൂനിറ്റുകള്‍ക്ക് കൈമാറുന്നതിനും തീരുമാനമെടുത്തു. നഗരസഭ അതിര്‍ത്തിയിലെ ഹൈമാസ്റ്റ് ലൈറ്റുകളും, വഴിവിളക്കുകളും കത്തിക്കാന്‍ നടപടി കൈകൊള്ളും.
മേല്‍പാലം റോഡിലെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാത്ത പരസ്യ കരാറുകാരനെതിരേ നിയമ നടപടി കൊള്ളുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് കയ്യേറിയവര്‍ക്കെതിരേ നോട്ടീസ് നല്‍കുന്നതിനും തീരുമാനം കൈകൊണ്ടു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."