സി.പി.എം നിലപാടില്‍ അസ്വസ്ഥരായി ശ്രീജിത്തിന്റെ കുടുംബം
നാദാപുരം: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത മകനെതിരേയുള്ള സി.പി.എം നിലപാട് ഉള്‍ക്കൊള്ളാനാവാതെ ശ്രീജിത്തിന്റെ അച്ഛന്‍ കുമാരന്‍. ജിഷ്ണുപ്രണോയുടെ അമ്മാവനും പതിനഞ്ചു കൊല്ലത്തോളം പാര്‍ട്ടി മുഖ പത്രത്തിന്റെ ഏരിയ ലേഖകനായി പ്രവര്‍ത്തിക്കുകയും പിന്നീട് ഒരുവര്‍ഷക്കാലം പത്രത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കെ.കെ ശ്രീജിത്തിനോട് സി.പി.എം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെടാതിരിക്കുന്നത് ഈ നിലപാടിന്റെ ഭാഗമാണ്.
ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ ഉള്‍പ്പെട്ടവരെ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു നടന്ന സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുകയും സംഭവം ജനശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തത് ശ്രീജിത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു. കേവലം ആത്മഹത്യയില്‍ ഒതുങ്ങുമായിരുന്ന ഈ സംഭവം മാധ്യമശ്രദ്ധയി ല്‍ കൊണ്ടുവന്നു പ്രതികള്‍ക്കെതിരേ കേസെടുപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ശ്രീജിത്തായിരുന്നു. ഇതോടെ കേരളത്തില്‍ ജിഷ്ണു സംഭവം വന്‍ ചര്‍ച്ചയാവുകയും ഒടുവില്‍ പൊലിസ് ആസ്ഥാനത്തിന് മുന്‍പില്‍ നടത്തിയ സമരം വിവാദത്തില്‍ കലാശിക്കുകയുമായിരുന്നു.
തുടര്‍ന്നു അമ്മ മഹിജ നടത്തിയ നിരാഹാര സമരം കേരളത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഒടുവില്‍ സമരത്തിന് മുന്‍പില്‍ സര്‍ക്കാര്‍ കീ ഴടങ്ങുകയായിരുന്നു. പാരമ്പര്യമായി പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്‍ത്തകരായിരുന്നു ഇവരുടെ കുടുംബം. 1997 ല്‍ വളയം അങ്ങാടിയില്‍ വെച്ചു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ശ്രീജിത്തിന്റെ അച്ഛന്‍ കുമാരനെ ബസ് തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചിരുന്നു. വധശ്രമത്തില്‍നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട കുമാരന്‍ ഇപ്പോഴും പൂര്‍വസ്ഥിതി വീണ്ടെടുത്തിട്ടില്ല.
മകനെതിരായ പാര്‍ട്ടി നിലപാടറിഞ്ഞതോടെ വിവരം അറിഞ്ഞു വികാരഭരിതനായാണ് കുമാരന്‍ പ്രതികരിച്ചത്. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി രക്തം നല്‍കിയ ആളാണ് . പാര്‍ട്ടി മകനോട് ചെയ്തത് ശരിയായില്ല. തിങ്കളാഴ്ചയാണ് എന്നെ കമ്മിറ്റിയുണ്ടെന്നു പറഞ്ഞു ക്ഷണിക്കുന്നത്. ഡയാലിസിസ് ചെയ്തു ക്ഷീണിതനായതിനാല്‍ എനിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. രാത്രി മാധ്യമങ്ങളിലൂടെയാണ് നടപടിയെടുത്ത വിവരം അറിയുന്നത് . എന്ത് തെറ്റിന്റെ പേരിലാണ് ഈ നടപടിയെന്നറിയാന്‍ താല്‍പര്യമുണ്ടെന്ന അദ്ദേഹംപ്രതികരിച്ചു.അതിനിടെ ഹോസ്പിറ്റലില്‍ നിന്നു തിരിച്ചു വരുന്ന മഹിജക്കും കുടുംബത്തിനും വന്‍ സ്വീകരണം ഒരുക്കണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ വാദിക്കുകയാണ് . പാര്‍ട്ടി നേതൃത്വം ഇതിനു തയാറില്ലെന്നാണ് അറിയുന്നത് . അതിനിടെ നടപടിക്കു വിധേയനായ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്നു രാജിവച്ചു.
വടകര ഏരിയയിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ തന്റെ പേര് ഉപയോഗിക്കുന്നതിലുള്ള പ്രയാസവും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനുമാണ് രാജി.തന്റെ പേരില്‍ പാര്‍ട്ടി എടുത്ത നടപടിയെ ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും ശ്രീജിത്ത് അറിയിച്ചു .
പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരേയായിരുന്നില്ല തങ്ങളുടെ സമരമെന്നും എന്നാല്‍ പൊലിസിനെതിരെയാണ് സമരം നടത്തിയിരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."