പറമ്പില്‍ ബസാറില്‍ മദ്‌റസയില്‍ കാന്തപുരം വിഭാഗത്തിന്റെ അക്രമം: നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട്: പറമ്പില്‍ ബസാറിനടുത്ത് ഗള്‍ഫ് ബസാറില്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസയിലെ സിലബസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കാന്തപുരം വിഭാഗം സമസ്തയുടെ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. നിരവിധി പേര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഗള്‍ഫ് ബസാറിലെ ബിദായത്തുല്‍ അത്ഫാല്‍ മദ്‌റസയിലാണ് സമസ്തയുടെ പ്രവര്‍ത്തകരെ കാന്തപുരം വിഭാഗം ആക്രമിച്ചത്. പറമ്പില്‍ ബസാര്‍ പുത്തലത്ത് അബൂബക്കര്‍ (55), നമ്പ്യാങ്ങാടത്ത് കുഞ്ഞാലിക്കോയയുടെ മകന്‍ അര്‍ഷാദ് (36), നമ്പ്യാങ്ങാടത്ത് ഇല്യാസ് (23) എന്നിവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാമ്പുറത്ത് ഹസനെ (56) ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
1962 മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മദ്‌റസയാണിത്. ഇവിടെ സിലബസ് മാറ്റണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തുവന്നിരുന്നു. മദ്‌റസ തുറന്ന ദിവസം സിലബസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇവര്‍ മദ്‌റസയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ 10 മണിക്ക് ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ച നടത്താനായി പൊലിസ് സ്റ്റേഷനില്‍ എത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ധാരണ ലംഘിച്ച് ഇന്നലെ രാവിലെ മദ്‌റസയിലെത്തിയ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ച സമസ്തയുടെ പ്രവര്‍ത്തകരെ കാന്തപുരം വിഭാഗത്തിലെ ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സമീപ പ്രദേശത്തു നിന്നുള്ളവരും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പട്ടികയും കമ്പിയും ഉപയോഗിച്ചായിരുന്നു ആക്രമണം. അബൂബക്കറിന് തോളെല്ലിനും വാരിയെല്ലിനും ഹസനു തലയ്ക്കുമാണ് പരുക്ക്. അര്‍ഷാദ്, അബൂബക്കര്‍,ഇല്യാസ് എന്നിവരെ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരേ ചേവായൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."