സഊദിയുടെ നിരത്തുകള്‍ കൈയടക്കി വനിതകള്‍
ജിദ്ദ: സഊദിയുടെ ചരിത്രം വഴിമാറിയപ്പോള്‍ വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങി. നൂറുകണക്കിന് വനിതകളാണ് ഞായറാഴ്ച പുലര്‍ച്ചെ സ്വന്തം വാഹനവുമായി റോഡില്‍ ഇറങ്ങിയത്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഭരണനേതൃത്വത്തില്‍ പരിഷ്‌കരണത്തിന്റെ പുതുയുഗപ്പിറവിക്കാണ് സഊദി സാക്ഷ്യം വഹിച്ചത്. ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത ഏകരാജ്യമെന്ന ദുഷ്‌കീര്‍ത്തിയാണ് ഇതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയത്.
അതേസമയം 53000 പേരാണ് ഇതിനകം ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. കാറിനു പുറമെ ഹെവി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടിക്കാന്‍ ലൈസന്‍സ് നേടിയവരുമുണ്ട്.
അംഗീകൃത രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്ക് ആ ലൈസന്‍സ് സഊദിയിലേക്കു മാറ്റാന്‍ അനുവാദമുണ്ട്. അതിനിടെ രണ്ടായിരത്തി ഇരുപതോടെ സഊദിയിലെ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം 30 ലക്ഷം കവിയും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ടാക്‌സി ഓടിക്കാനും വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഗതാഗത നിയമലംഘനങ്ങളില്‍നിന്ന് വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മദ്യം, മയക്കുമരുന്ന് ലഹരിയിലും എതിര്‍ദിശയിലും വാഹനമോടിക്കല്‍, സിഗ്‌നല്‍ മറികടക്കല്‍, അമിതവേഗം, നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഓവര്‍ടേക് ചെയ്യല്‍ തുടങ്ങിയവ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കും. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനമോടിക്കുന്നത് 900 റിയാല്‍ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
ഈ ചരിത്ര മുഹൂര്‍ത്തത്തിന് മുമ്പ് തന്നെ വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ചും പുറത്തിറങ്ങിയിരുന്നു.
വാഹനമോടിച്ച് അപകടത്തില്‍ പെടുന്ന വനിതകള്‍ക്ക് സഹായത്തിന് ഇവരാണ് എത്തുന്നത്. സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്.
ഡ്രൈവിങ് വിലക്ക് നീങ്ങിയതോടെ രാജ്യത്ത് സ്ത്രീകള്‍ക്കായി പല തൊഴില്‍ മേഖലകള്‍കൂടി തുറക്കുകയാണ്. സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന സന്ദേശവുമായി ഒട്ടേറെ ബോധവല്‍ക്കരണ പരിപാടികളും രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളെ നേരിടാനും അത്യാവശ്യം മെക്കാനിക്കല്‍ പണികളുമെല്ലാം പരിശീലനകേന്ദ്രങ്ങളില്‍നിന്ന് പുതിയ ഡ്രൈവര്‍മാര്‍ അഭ്യസിക്കുന്നുണ്ട്. വനിതകള്‍ക്ക് വണ്ടിയോടിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ സാമൂഹികമാറ്റത്തിന് വഴി തെളിക്കുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം പ്രവാസികള്‍ക്ക് ഇത് വലിയ തിരിച്ചടിയാവുമെന്ന ആശങ്കയുമുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സഊദിയിലെ സ്വദേശി ഭവനങ്ങളില്‍ ഡ്രൈവര്‍മാരായി ജോലിചെയ്യുന്നുണ്ട്.
അവിടങ്ങളിലെ സ്ത്രീകള്‍, പ്രത്യേകിച്ചും പുതുതലമുറയിലുള്ളവര്‍ സ്വന്തമായി വാഹനങ്ങള്‍ ഓടിച്ചുതുടങ്ങിയാല്‍ ജോലി സാധ്യത മങ്ങുമോയെന്നതാണ് ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."