HOME
DETAILS
MAL
കരാറുകളുടെ തുടർ നടപടികൾ: സഊദി വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ
backup
March 11 2019 | 09:03 AM
റിയാദ്: സഊദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ ഇന്ത്യയിലേക്ക്. സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ഇന്ത്യ സന്ദർശനത്തിന്റെ തുടർനടപടികൾക്കാണ് ആദിൽ ജുബൈർ വീണ്ടും ഇന്ത്യയിലെത്തുന്നത്. തിങ്കളാഴ്ച്ച ഇന്ത്യയിലെത്തുന്ന ജുബൈർ ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സഊദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തുന്നത്.
കഴിഞ്ഞ മാസം അവസാനത്തില്‍ ഇന്ത്യയിലെത്തിയ സഊദി കിരീടാവകാശിയുടെ കൂടെയുള്ള സംഘത്തിൽ പെട്ട ജുബൈർ വിദേശ കാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യൻ സന്ദർശനത്തിന് ശേഷം കഴിഞ്ഞയാഴ്ച്ച അബുദാബിയിൽ ചേർന്ന ഒ ഐ സി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി സുഷമ സ്വരാജ് എത്തിയപ്പോഴും പ്രത്യേക കൂടിക്കാഴ്ച്ച നടന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പുതുക്കിയ കിരീടാവകാശിയുടെ ചരിത്ര സന്ദർശനത്തിൽ കോടികളുടെ പദ്ധതികളിൽ ഒപ്പു വെച്ചിട്ടുണ്ട്. ഇതിന്റെ തുടർ നടപടികളുടെ വിലയിരുത്തലിനാണ് കിരീടാവകാശിയുടെ പ്രത്യേക നിർദേശപ്രകാരം സഊദി വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്.
കഴിഞ്ഞയാഴ്ച്ച അവസാനം പാകിസ്ഥാനിൽ നടത്തിയ സന്ദർശനത്തിൽ ആദിൽ അൽ ജുബൈർ ഇസ്‌ലാമാബാദിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷം ഒഴിവാക്കാനായി സഊദി ഇടപെടുന്നുവെന്ന വാർത്തകളും ഇതോടൊപ്പം പുറത്തു വന്നിരുന്നു. എന്നാൽ, ഒരു രാജ്യത്തു നിന്നും ഒരു തരത്തിലുമുള്ള മധ്യസ്‌ഥ ശ്രമങ്ങൾക്കുമുള്ള ഓഫറുകളും ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വാക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാഗം വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."