HOME
DETAILS
MAL
പൊലിസിന് ഇനിമുതല്‍ ഏഴു ദിവസം ജോലി; ഏഴു ദിവസം വിശ്രമം
backup
May 17 2020 | 05:05 AM
തിരുവനന്തപുരം: കൊവിഡ്19 പശ്ചാത്തലത്തില്‍ പൊലിസിന്റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം.
സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും അന്താരാഷ്ട്ര നിലവാരത്തിലുള്ളവയാണ്.
നിര്‍ദ്ദേശങ്ങള്‍ നാളെ നിലവില്‍ വരുമെന്ന് പൊലിസ് മേധാവി ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
ഏഴു ദിവസത്തെ ഡ്യൂട്ടിക്കു ശേഷം ഏഴ് ദിവസം വിശ്രമം അനുവദിക്കുന്ന രീതിയില്‍ ജോലി ക്രമീകരിക്കും.
സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് വിശ്രമം നല്‍കുന്ന വിധത്തില്‍ ജോലി പുനക്രമീകരിക്കും.
ബാക്കി പകുതിപ്പേര്‍ക്ക് ഡ്യൂട്ടി റെസ്റ്റ് അനുവദിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടാലുടന്‍ ജോലിക്കെത്തണം.
ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാദിവസവും വൈകുന്നേരം അക്കാര്യം ഉദ്യോഗസ്ഥരെ ഫോണ്‍മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം ഡ്യൂട്ടിസ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഫോണ്‍വഴി സ്‌റ്റേഷനില്‍ അറിയിച്ചാല്‍ മതിയാകും.
ഡ്യൂട്ടി കഴിയുമ്പോള്‍ വീഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥര്‍ ദിനംപ്രതി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എസ്.എം.എസ്, വാട്‌സ് ആപ്പ്, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.
സ്‌റ്റേഷനുകളില്‍ പൊലിസുദ്യോഗസ്ഥര്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം. ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ നേരെ വീടുകളിലേയ്ക്ക് പോകേണ്ടതും സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദര്‍ശിക്കാന്‍ പാടില്ലാത്തതുമാണ്.
ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുളള സുരക്ഷാ ഉപകരണങ്ങളും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കണം. ഭക്ഷണവും വെള്ളവും കൈയില്‍ കരുതുകയും ഇത്തരം ആവശ്യങ്ങള്‍ക്ക് പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും വേണം.
തിരക്കേറിയ ജംഗ്ഷനുകളില്‍ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ. റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം, ചെക്‌പോസ്റ്റ് എന്നിവിടങ്ങളില്‍ പരമാവധി കുറച്ച് ആളുകളെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെള്ളിയാഴ്ച പരേഡ് ഒഴിവാക്കി. പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങള്‍ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും.
പൊലിസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കും. സി.സി.ടി.വി, ഹെല്‍പ് ലൈന്‍, കാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും.
പൊതുജനങ്ങള്‍ പൊലിസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പരാതികള്‍ ഇ-മെയില്‍, വാട്‌സ് ആപ്പ് എന്നിവ മുഖേനയോ കണ്‍ട്രോള്‍ നമ്പര്‍ 112 മുഖേനയോ നല്‍കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.ജീവിത ശൈലീരോഗങ്ങളുള്ള 50 വയസിന് മുകളില്‍ പ്രായമുളളവരെ ശ്രമകരമായ ചുമതലകളില്‍നിന്ന് ഒഴിവാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."