പരിശോധന ശക്തം; 'ഓപറേഷന്‍ ഇടിമിന്നല്‍' തരംഗമാകുന്നു
കോഴിക്കോട്: സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഓപറേഷന്‍ ഇടിമിന്നലി'ന്റെ ഭാഗമായി പൊലിസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 44 കേസുകള്‍. ക്ലാസ് കട്ട്‌ചെയത് കറങ്ങാനിറങ്ങിയ 412 വിദ്യാര്‍ഥികളും 170 വാഹനങ്ങളും പൊലിസിന്റെ വലയിലായി. ഓരോ പൊലിസ് ജില്ലകളിലെയും വനിതാ സി.ഐമാരുടെ നേതൃത്വത്തില്‍ രണ്ടു വനിതാ പൊലിസും ഒരു സിവില്‍ പൊലിസും അടങ്ങുന്നതാണ് 'ഇടിമിന്നല്‍' ഷാഡോ സംഘം.
സ്‌കൂളുകള്‍ക്ക് പുറമെ ഷോപ്പിങ് മാളുകള്‍, തിയേറ്ററുകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി തിരക്കേറിയ ഇടങ്ങളിലെല്ലാം 'ഇടിമിന്നല്‍' സംഘങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. പിടിയിലാകുന്ന വിദ്യാര്‍ഥികളെ പാവമണി റോഡിലുള്ള കൗണ്‍സിലിങ് സെന്ററുകളിലെത്തിച്ച് കൗണ്‍സിലിങ് നല്‍കിയതിനു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നു ബൈക്കിലെത്തിയ കുട്ടികളും പൊലിസിന്റെ പിടിയിലായിട്ടുണ്ട്. നഗരത്തിലെ കോളജുകളിലും സമാന്തര കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും. വിദ്യാര്‍ഥികള്‍ക്ക് ബൈക്കുകള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു കേന്ദ്രവും മാവൂരില്‍ പൊലിസ് കണ്ടെത്തി. വിദ്യാര്‍ഥികള്‍ക്ക് കറങ്ങാന്‍ വേണ്ടി മാത്രമാണ് ഇവ വാടകയ്ക്ക് നല്‍കിയിരുന്നതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പരപ്പിലില്‍ 'ഇടിമിന്നലി'ന്റെ ഭാഗമായി കുട്ടികളെ തേടിയെത്തിയ വനിതാ പൊലിസിനെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞിരുന്നു. വനിതാ പൊലിസിനെ കൈയേറ്റം ചെയ്തതിനു രണ്ടു രക്ഷിതാക്കള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ മൂന്നും നാലും പേരുമായി ബൈക്ക് ഓടിച്ചതിനും ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിനുമാണ് കേസുകളിലധികവും രജിസ്റ്റര്‍ ചെയ്തത്. ക്ലാസ് കട്ട്‌ചെയ്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം മാറാന്‍ സൗകര്യമൊരുക്കുന്ന സി.എച്ച് ഓവര്‍ബ്രിഡ്ജിനു സമീപത്തെ ദീപക് സ്റ്റോര്‍ കടയുടമക്കെതിരേയും പൊലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. സരോവരം പാര്‍ക്ക്, ബീച്ച്, ഫോക്കസ് മാള്‍, ആര്‍.പി മാള്‍, ഹൈലൈറ്റ് മാള്‍, മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം പൊലിസ് ശക്തമായ പരിശോധന നടത്തുന്നുണ്ട്. കസബ സി.ഐ പി. പ്രമോദാണ് 'ഓപറേഷന്‍ ഇടിമിന്നലി'ന്റെ നോഡല്‍ ഓഫിസര്‍. രാവിലെ എട്ടര മുതല്‍ വൈകിട്ട് ഏഴു വരെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ പൊലിസിനെ 9497987178 എന്ന നമ്പറില്‍ അറിയിക്കാം. ബസിനുള്ളില്‍ സ്ത്രീകളും വിദ്യാര്‍ഥിനികളും അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനും ഷാഡോ സംഘങ്ങളുണ്ട്. മയക്കുമരുന്നു കേസുകള്‍, ബൈക്ക് മോഷണ കേസുകള്‍, കവര്‍ച്ചാ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാന്‍ 'ഇടിമിന്നല്‍' സംഘത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."