പ്ലസ്‌വണ്‍ പ്രവേശനം: മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ അവഗണിക്കുന്നതായി പരാതി
തൊട്ടില്‍പ്പാലം: ഒന്നാം വര്‍ഷ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കില്ലാതെ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പ്രവേശനത്തില്‍ അവഗണന നേരിടുന്നതായി പരാതി. എസ്.എസ്.എല്‍.സി ഫലത്തിനു ശേഷം ഏകജാലക സംവിധാനത്തിലൂടെ ഒന്നാംവര്‍ഷ പ്ലസ്‌വണ്‍ ക്ലാസിലേക്ക് അപേക്ഷിക്കുമ്പോഴാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്കു രണ്ടുതവണ ആനുകൂല്യം ലഭിക്കുമ്പോഴും മികച്ച പഠനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റില്‍ നിന്നു പിന്തള്ളപ്പെടുന്നത്.
കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പിന് ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ച കുട്ടികള്‍ക്ക് കിട്ടിയ ഡബ്ല്യു.ജി.പി.എ 73-ാം റാങ്ക് മുതല്‍ 206-ാം റാങ്ക് വരെ 9.6 ആണ്. അതേസമയം, ചാത്തങ്കോട്ടുനട എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ച 7005267 നമ്പര്‍ അപേക്ഷയിലെ ഫിസ പര്‍വീന്‍ എന്ന വിദ്യാര്‍ഥിനിക്ക് 9.6 ഡബ്ല്യു.ജി.പി.എയില്‍ 118-ാം റാങ്കാണു ലഭിച്ചത്. ഇതേ കുട്ടിയുടെ ടൈ ബ്രേക്ക് വാല്യു ചാര്‍ട്ടില്‍ മറ്റുള്ള കുട്ടികളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ്.
കഴിഞ്ഞ വര്‍ഷം ഐ.എസ്.ആര്‍.ഒ നടത്തിയ വേള്‍ഡ് സ്‌പൈസ് വീക്കില്‍ സംസ്ഥാന ഗോള്‍ഡ് മെഡല്‍ ജേതാവായും സംസ്ഥാന നിലവാരത്തില്‍ നടത്തിയ ഇംഗ്ലീഷ് ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയും ഫിസ മികവു തെളിയിച്ചിരുന്നു.
കൂടാതെ റവന്യൂ സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നിനങ്ങളില്‍ എഗ്രേഡും സ്‌കൂള്‍ മാഗസിന്‍, ഡിബേറ്റ് ക്ലബ് പിരിയോഡിക്കല്‍സ് എന്നിവയില്‍ മികച്ച നേട്ടവും വിദ്യാര്‍ഥിനി കൈവരിച്ചിരുന്നു. എന്നിട്ടും ഒന്നാം വര്‍ഷ പ്ലസ് പ്രവേശനത്തിനു തൊട്ടടുത്ത സ്‌കൂളില്‍ പ്രവേശനം ലഭിക്കാതെ 15ഓളം കിലോമീറ്റര്‍ അകലെയാണു പ്രവേശനം ലഭിച്ചിരിക്കുന്നത്.
വിഷയം ചൂണ്ടിക്കാണിച്ചു കുട്ടിയുടെ രക്ഷിതാവ് സ്‌കൂള്‍ അധികൃതര്‍ക്കും തിരുവനന്തപുരം ഐ.സി.ടി സെല്ലിലും വിദ്യാഭ്യാസ വകുപ്പിലും ബന്ധപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."