എറണാകുളത്തും ചാലക്കുടിയിലും ഇടതുമുന്നണി പ്രചാരണം തുടങ്ങി
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് എറണാകുളത്തും ചാലക്കുടിയിലും ഇടതുമുന്നണിയിലായിരുന്നു സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച അനിശ്ചിതത്വമെങ്കില്‍ ഇപ്പോള്‍ അവ്യക്തതയുടെ കാര്‍മേഘം യു.ഡി.എഫ് സ്ഥാനാര്‍ഥികളിലായി. എറണാകുളത്ത് മുന്‍ രാജ്യസഭാംഗം പി. രാജീവിനെയും ചാലക്കുടിയില്‍ സിറ്റിങ് എം.പി ഇന്നസെന്റിനെയും സി.പി.എം സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി പ്രചാരണത്തിന് തുടക്കം കുറിച്ചു.
എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി കെ.വി തോമസ് തന്നെ എറണാകുളത്ത് വീണ്ടും ജനവിധി തേടുമെന്ന ധാരണകള്‍ക്കു മേല്‍ എറണാകുളം എം.എല്‍.എയും യുവനേതാവുമായ ഹൈബി ഈഡനെ മത്സരിപ്പിക്കണമെന്ന പ്രാദേശിക വികാരം ശക്തമായതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ എറണാകുളത്തും അനിശ്ചിതത്വമായി. അഞ്ചാം തവണയും മത്സരിക്കാന്‍ തയാറായി നില്‍ക്കുന്ന തോമസിനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നതാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോയ കോണ്‍ഗ്രസിന് വിലങ്ങുതടിയായിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യുവജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളയാളുമായ പി. രാജീവിനെ രംഗത്തിറക്കി സി.പി.എം എറണാകുളത്ത് മികച്ച പോരാട്ടത്തിന് തയാറെടുത്തിരിക്കുമ്പോള്‍ യുവനിരയില്‍ നിന്നുള്ള കരുത്തനായ ഒരാള്‍ തന്നെ വേണമെന്ന അഭിപ്രായമാണ് ഹൈബി ഈഡന്‍ എം.എല്‍.എ യുടെ പേര് ഉയരാനിടയാക്കിയത്. എന്നാല്‍ വിജയസാധ്യതയില്‍ തോമസ് ഒട്ടും പിന്നിലല്ലെന്നാണ് കോണ്‍ഗ്രസില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം.
എന്നാല്‍ ഒരു സീറ്റില്‍ നിരന്തരം ഒരാള്‍ തന്നെ മത്സരിക്കുന്നതിനോട് കോണ്‍ഗ്രസിലെ നല്ലൊരു ശതമാനത്തിന്, വിശിഷ്യ യുവജനനേതാക്കള്‍ക്ക് യോജിപ്പില്ല. ഇതാണ് തോമസിനു മുന്നില്‍ വെല്ലുവിളിയായിരിക്കുന്നത്. നേരത്തെ സംസ്ഥാന ലിസ്റ്റില്‍ പരിഗണിക്കാതിരുന്നിട്ടും ഹൈക്കമാന്‍ഡ് ലിസ്റ്റില്‍ ഇടം നേടി വിജയക്കൊടി പാറിച്ച് സഹമന്ത്രിയായ തോമസിന്റെ പ്രതീക്ഷ ഹൈക്കമാന്‍ഡില്‍ തന്നെയാണ്. വിജയസാധ്യതയുടെ ഘടകങ്ങള്‍ നിരത്തി വീണ്ടും ഒരവസരം കൂടി നേടാനുള്ള നീക്കത്തിലാണ് തോമസ്.
രാജീവിന്റെ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ ഇന്നലെ ഇടതുമുന്നണി ഔദ്യോഗികമായി പ്രചാരണത്തിനു തുടക്കം കുറിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ചാലക്കുടിയില്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിക്ക് താല്‍പര്യമില്ലാത്ത സിറ്റിങ് എം.പി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചതിലുള്ള അതൃപ്തി നിലനില്‍ക്കെ ഇന്ന് കണ്‍വന്‍ഷന്‍ അങ്കമാലിയില്‍ നടക്കും. ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ താല്‍പര്യം കൂടി കണക്കിലെടുത്താണ് ഇന്നസെന്റിന് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. രാജീവിനു വേണ്ടി പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തമായി നീങ്ങുമ്പോള്‍ ചാലക്കുടിയിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി വേണ്ടത്ര താല്‍പര്യം കീഴ്ഘടകങ്ങള്‍ കാണിക്കുന്നില്ല. നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയായാണ് ഇന്നസെന്റിനെ ഇത്തവണ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കാണുന്നത്.
സാധാരണക്കാരായ പ്രവര്‍ത്തകരില്‍നിന്ന് അകന്നുള്ള ഇന്നസെന്റിന്റെ പ്രവര്‍ത്തന രീതിക്കെതിരേയാണ് വിമര്‍ശനം. അണികളുടെ വികാരം കണക്കിലെടുത്ത് സ്വതന്ത്ര വേഷം അഴിച്ചുവച്ച് പഴയ ചിഹ്നമായ കുടം ഉപേക്ഷിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് ഇന്നസെന്റിനെ മത്സരിപ്പിക്കുന്നത്.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ മണ്ഡലത്തിലെ സ്ഥാപനങ്ങളും പ്രമുഖരായ വ്യക്തികളെയും സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു ഇന്നസെന്റ്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പേരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുന്നില്‍. കൂടാതെ മുന്‍ എം.പി കെ.പി ധനപാലന്റെയും പി.സി ചാക്കോയുടെയും പേരുകളും പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."