വാണവരും വീണവരും
#മുഹമ്മദലി പേലേപ്പുറം
മലപ്പുറം: മുന്‍ വര്‍ഷങ്ങളിലേതു പോലെ സ്വതന്ത്രനെ രംഗത്തിറക്കി വോട്ടുപിടിക്കാനുള്ള തന്ത്രമാണ് പൊന്നാനിയില്‍ സി.പി.എം പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര പരീക്ഷണം പാളിയ ചരിത്രമാണ് മലപ്പുറം ജില്ലയ്ക്കുള്ളത്.
ഇതു തുടര്‍ച്ചയായി മൂന്നാം തവണയാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രനെ രംഗത്തിറക്കുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് സി.പി.എം സ്വതന്ത്ര പരീക്ഷണം തുടങ്ങിയത്. ചരിത്രകാരനായ ഹുസൈന്‍ രണ്ടത്താണിയെയാണ് അന്ന് സ്ഥാനാര്‍ഥിയാക്കിയത്. 82,684 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ വിജയിച്ചു. മുന്‍ കെ.പി.സി.സി അംഗവും നിലവില്‍ താനൂര്‍ എം.എല്‍.എയുമായ വി. അബ്ദുറഹ്്മാനെയാണ് 2014ല്‍ സി.പി.എം സ്വതന്ത്രനായി കളത്തിലിറക്കിയത്. ലീഗിനോട് വിരോധമുള്ള കോണ്‍ഗ്രസുകാരുടെ വോട്ടിലായിരുന്നു അന്ന് പ്രതീക്ഷ. ലീഗ് കോട്ടയില്‍ നല്ല മത്സരം കാഴ്ചവച്ചെങ്കിലും വിജയിക്കാനായില്ല. എന്നാല്‍ യു.ഡി.എഫ് ഭൂരിപക്ഷം 25,410 വോട്ടായി കുറയ്ക്കാനായി.
ഇതിനു ചുവട് പിടിച്ച് 2016ലെ നിയസമഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏഴു മണ്ഡലങ്ങളില്‍ സി.പി.എം സ്വതന്ത്രരെ രംഗത്തിറക്കി. നിലമ്പൂര്‍, തിരൂര്‍, കോട്ടക്കല്‍, താനൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇടതു സ്വതന്ത്രര്‍ ജനവിധി തേടിയത്. ഇതില്‍ അഞ്ചു മണ്ഡലങ്ങളും പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ്. പി.വി അന്‍വര്‍, ഗഫൂര്‍ ലില്ലി, എന്‍.എ മുഹമ്മദ് കുട്ടി, വി. അബ്ദുറഹ്മാന്‍, നിയാസ് പുളിക്കലകത്ത് തുടങ്ങിയ വ്യവസായികളെയാണ് അന്നു രംഗത്തിറക്കിയത്. പാര്‍ട്ടി പാരമ്പര്യമുള്ളവരെ അവഗണിച്ച് കോടീശ്വരന്‍മാര്‍ക്ക് സീറ്റ് നല്‍കിയതില്‍ അന്ന് പാര്‍ട്ടിയില്‍ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. ഇതില്‍ നിലമ്പൂരില്‍ പി.വി അന്‍വറിനും താനൂരില്‍ വി. അബ്ദുറഹ്മാനും വിജയിക്കാനായി.
തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്ത് നല്ല മത്സരം കാഴ്ചവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ പി.വി അന്‍വറിനെ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കിയുള്ള പരീക്ഷണം.
എന്നാല്‍ പാര്‍ട്ടി പാരമ്പര്യം പോലുമില്ലാത്ത ഭൂമി കൈയേറ്റം ഉള്‍പ്പെടെ ആരോപണങ്ങള്‍ നേരിടുന്ന അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അണികളില്‍ എതിര്‍പ്പുണ്ട്. സ്ഥാനാര്‍ഥിക്കെതിരേ യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ സി.പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."