വിജയ് ഗോഖലെ യു.എസ് വിദേശകാര്യ സെക്രട്ടറിയെ കാണും
വാഷിങ്ടണ്‍: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപ്യോയുമായി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഗോഖലെ ഇന്നലെ അമേരിക്കയിലെത്തി. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷസാഹചര്യമാവും പ്രധാനമായും കൂടിക്കാഴ്ചയില്‍ വിഷയമാവുക.
കഴിഞ്ഞമാസം 14ന് പുല്‍വാമയിലെ ഭീകരാക്രമണത്തിനും വളരെ മുന്‍പ് നിശ്ചയിച്ചതു പ്രകാരമാണ് കൂടിക്കാഴ്ചയെങ്കിലും അയല്‍രാജ്യവുമായുള്ള ബന്ധം തന്നെയാവും ചര്‍ച്ചയിലെ പ്രധാന അജണ്ടയെന്ന് വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയും പാകിസ്താനും പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നതാണ് അമേരിക്കയുടെ നിലപാട്. സംഘര്‍ഷം യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കെ മധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു.
എന്നാല്‍, ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പ്രശ്‌നകാരണമായ കശ്മിര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മധ്യസ്ഥചര്‍ച്ച അമേരിക്ക മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ തങ്ങളുടെ നിലപാട് ഇന്ത്യ ആവര്‍ത്തിക്കും.
വ്യാപാരരംഗത്ത് ഇന്ത്യക്കു നല്‍കിവന്നിരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. 560 കോടി ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഈ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."